കൊച്ചി: എറണാകുളം, കൊച്ചുവേളി എന്നിവിടങ്ങളിൽ നിന്ന് ഹൈദരാബാദിലേക്കുള്ള പ്രത്യേക ട്രെയിൻ സർവീസുകൾ തുടരും. കൊച്ചുവേളി -ഹൈദരാബാദ് (07116) പ്രതിവാര പ്രത്യേക ട്രെയിൻ ജൂലായ് എട്ട് മുതൽ സെപ്തംബർ രണ്ടു വരെ എല്ലാ തിങ്കളാഴ്ച്ചകളിലും രാവിലെ 7.45ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ചകളിൽ ഉച്ചക്ക് രണ്ടിന് ഹൈദരാബാദിലെത്തും. ഹൈദരാബാദ്‌- കൊച്ചുവേളി പ്രതിവാര പ്രത്യേക ട്രെയിൻ (07115) ജൂലായ് ആറ് മുതൽ ആഗസ്ത് 31 വരെയുള്ള ശനിയാഴ്ചകളിൽ രാത്രി 9ന്‌ ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ചകളിൽ പുലർച്ചെ 3.20ന് കൊച്ചുവേളിയിലെത്തും. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
എറണാകുളം-ഹൈദരാബാദ് പ്രതിവാര പ്രത്യേക ട്രെയിൻ (07118) ജൂലായ് നാലു മുതൽ ഓഗസ്റ്റ് 29 വരെയുള്ള എല്ലാ വ്യാഴാഴ്ചകളിലും രാത്രി 9.30ന് എറണാകുളം ജംഗ്ഷൻ (സൗത്ത്) സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാത്രി 10.25ന് ഹൈദരാബാദിലെത്തും. ഹൈദരാബാദ് -എറണാകുളം ട്രെയിൻ (07117) ജൂലായ് മൂന്ന് മുതൽ ആഗസ്റ്റ് 28 വരെയുള്ള എല്ലാ ബുധനാഴ്ചകളിലും അർദ്ധരാത്രി 12.50ന് പുറപ്പെട്ട് വ്യാഴാഴ്ചകളിൽ വൈകിട്ട് 5.30ന് എറണാകുളത്ത് എത്തിച്ചേരും. പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് കേരളത്തിലെ സ്റ്റോപ്പുകൾ. 15 സ്ലീപ്പർ ക്ലാസുകളും രണ്ടു എ.സി കോച്ചുകളുമുള്ള നാലു ട്രെയിൻ സർവീസുകളിലും ജനറൽ കോച്ചുകൾ ഉണ്ടാവില്ല.