കൊച്ചി: ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുന്നതിനെതിരെ അന്തർ സംസ്ഥാന ബസ് ഉടമകൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി കോൺട്രാക്ട് കാര്യേജ് അസോസിയേഷൻ രംഗത്ത്. റോഡിൽ പരിശോധനയുടെ പേരിൽ പണപ്പിരിവും പിടിച്ചുപറിയുമാണ് തുടരുന്നതെന്ന് സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.
പ്രതിഷേധ സൂചകമായി ജൂലായ് മുതൽ റോഡ് നികുതി അടയ്ക്കാതെ വാഹനങ്ങൾ കൂട്ടത്തോടെ ഫോം ജി നൽകും. ബസ് ഉടമകളുടെ സമരത്തിന് നേരെ മുഖം തിരിക്കുന്ന അധികൃതരുടെ നടപടികളിൽ പ്രതിഷേധിച്ചും അനുഭാവം പ്രകടിപ്പിക്കാനുമാണ് നികുതി നിഷേധ 'ജി ഫോം' സമരമെന്ന് സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ, സെക്രട്ടറി പ്രശാന്തൻ വിശ്വശ്രീ എന്നിവർ അറിയിച്ചു. ജൂലായ് 9, 10 തിയതികളിൽ ഇടുക്കി ജില്ലയിൽ ചേരുന്ന സംസ്ഥാന ദ്വിദിന ക്യാമ്പ് ഭാവിപരിപാടികൾ തീരുമാനിക്കും.