ആലുവ: കേരള നെറ്റ് ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന സബ് ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് മാറമ്പിള്ളി എം.ഇ.എസ് കോളേജിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ടി.എം. സബ് ജൂനിയർ നെറ്റ് ബോൾ മത്സരം നാളെയും മറ്റെന്നാളുമായിട്ടാണ് നടക്കുന്നത്. കേരളത്തിലെ 14 ജില്ലകളിൽ നിന്നും 400ലേറെ കായികതാരങ്ങൾ രണ്ടു ദിവസമായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കും. മത്സര വിജയികൾക്ക് ഹരിയാനയിലെ ബിവാനിൽ നടക്കുന്ന ദേശീയ നെറ്റ് ബോൾ മത്സരത്തിൽ പങ്കെടുക്കാം. കേരള ടീമിന്റെ പരിശീലനം ജൂലൈ ഒന്നു മുതൽ തിരുവനന്തപുരത്ത് ആരംഭിക്കും.

നാളെ രാവിലെ 8.30ന് ബെന്നി ബെഹനാൻ എം.പി മത്സരം ഉദ്ഘാടനം ചെയ്യും. 30ന് രാവിലെ 11ന് വിജയികൾക്കുള്ള സമ്മാനദാനവും നടക്കും. മുൻ വർഷം ആൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ട ജില്ലയും പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളവുമാണ് ചാമ്പ്യന്മാരായത്. മത്സരത്തിന്റെ സിൽവർ ജൂബിലിയായതിനാൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. നാളെ നെറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന ജനറൽ ബോഡി യോഗവും കോളേജിൽ നടക്കും. എം.പി. ബെന്നി, ഡോ. എ. ബിജു, കെ.ജി. ഹനീഫ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.