മൂവാറ്റുപുഴ: ഓപ്പറേഷൻ സാഗർറാണി രണ്ടിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പ് മത്സ്യ വില്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. മൂവാറ്റുപുഴ , പെരുമ്പാവൂർ മേഖലകളിലായിരുന്നു പരിശോധന. ട്രോളിംഗ് നിരോധനത്തിന്റെ സാഹചര്യത്തിൽ ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ ചേർന്ന മത്സ്യം വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ക്വിക്ക് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയത്. മത്സ്യങ്ങളിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. പെരുമ്പാവൂർ വല്ലത്ത് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വില്പനക്ക് വച്ചിരുന്നത് നശിപ്പിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ ബെെജു പി. ജോസഫ്, വെെശാഖൻ കെ.എ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥ ദേവി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.