ആലുവ: പൊതുമരാമത്ത് റോഡിലെ കുഴി കോൺക്രീറ്റ് ചെയ്തതിന്റെ പേരിൽ നഗരസഭയിലെ ജനപക്ഷ കൗൺസിലർമാരും വാർഡ് കൗൺസിലറും തമ്മിൽ തർക്കം. സി.പി.എം പ്രതിനിധി മിനി ബൈജു പ്രതിനിധീകരിക്കുന്ന മുനിസിപ്പൽ വാർഡിലെ റോഡിലുള്ള അപകടക്കെണി ജനപക്ഷ കൗൺസിലർമാരായ എ.സി. സന്തോഷ് കുമാർ, സെബി വി. ബാസ്റ്റ്യൻ, കെ.വി. സരള എന്നിവരുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
അടുത്തിടെ കാന നവീകരിച്ച ശേഷം മുകളിൽ കോൺക്രീറ്റ് ചെയ്തഭാഗം റോഡിൽ നിന്നും അര അടിയോളം ഉയർന്ന് നിൽക്കുകയായിരുന്നു. നിരവധി ബൈക്ക് യാത്രികരും കാൽനട യാത്രികരും അപകടത്തിൽപ്പെട്ടു. പൊതുമരാമത്ത് വകുപ്പോ നഗരസഭയോ പരിഹാരം കണാത്ത സാഹചര്യത്തിലാണ് മൂവർ സംഘം കുഴി കോൺക്രീറ്റ് ചെയ്തത്. സംഭവമറിഞ്ഞെത്തിയ വാർഡ് കൗൺസിലർ പരസ്യമായി പ്രതിഷേധിച്ചു. ഇതരവാർഡുകളിൽ 'സേവന'ത്തിന് തുനിഞ്ഞെത്തിയവരെ മിനി ബൈജു പരസ്യമായി എതിർത്തു. കരാറെടുത്തയാൾ തീർത്ഥാടനത്തിന് പോയതിനാലാണ് അറ്റകുറ്റപ്പണി വൈകിയത്. തീർത്ഥാടനം കഴിഞ്ഞെത്തിയപ്പോൾ ആശുപത്രിയിലായെന്നും മിനി ബൈജു പറയുന്നു. പകരം മറ്റൊരാൾ അറ്റകുറ്റപ്പണി ചെയ്യാനിരിക്കെയാണ് കൗൺസിലർമാർ ഈ പണിക്കിറങ്ങിയത്.
അതിനിടെ അറ്റകുറ്റപ്പണിക്ക് ഉപയോഗിച്ച മെറ്റലും സിമന്റും മുനിസിപ്പൽ പാർക്കിൽ നിർമ്മാണത്തിന് കൊണ്ടുവന്നതാണെന്നും ആക്ഷേപമുണ്ട്. കരാറുകാരനെ സ്വാധീനിച്ചാണ് ഇവ അറ്റകുറ്റപ്പണിക്കായി എടുത്തതെന്നും മിനി ബൈജു ആക്ഷേപിച്ചു. എന്നാൽ 1500 രൂപക്ക് മെറ്റീരിയൽസ് കരാറുകാരനിൽ നിന്നും വാങ്ങിയതാണെന്ന് എ.സി. സന്തോഷ് കുമാർ പറഞ്ഞു.