കൊച്ചി: നഗരവീഥികളിൽ രാത്രിയിലെ ചലനങ്ങൾ പോലും ഒപ്പിയെടുക്കുന്ന കാമറക്കണ്ണുകളുണ്ടെന്നാണ് അവകാശവാദം. തലങ്ങും വിലങ്ങും പൊലീസ് പട്രോളിംഗ് വാഹനങ്ങളുടെ പാച്ചിലിനും കുറവില്ല. ഇതൊക്കെയാണെങ്കിലും രാത്രി ഒറ്റയ്‌ക്ക് നഗരത്തിലെ ഏതെങ്കിലും കോണിലൂടെ യാത്ര ചെയ്‌താൽ എട്ടിന്റെ പണികിട്ടുമെന്ന് ഉറപ്പ്. ജീവൻ തിരിച്ചുകിട്ടിയാൽ ഭാഗ്യം. ആയുധങ്ങളുമായെത്തി ആക്രമിച്ച് കൈയിലുള്ളതെല്ലാം പിടിച്ചുപറിസംഘം കൊണ്ടുപോയിരിക്കും. ഒരിടവേളയ്‌ക്ക് ശേഷം നഗരത്തിൽ വീണ്ടും പിടിച്ചുപറി സംഘങ്ങൾ സജീവമായി. നാലംഗ സംഘത്തിലെ രണ്ടുപേർ പിടിയിലായതാണ് ഏക ആശ്വാസം.
ബൈക്കിലെത്തി അക്രമിക്കും
ഒറ്റയ്‌ക്ക് പോകുന്നയാളുടെ പിന്നാലെ ബൈക്കിലെത്തി ഇടിച്ചിടാൻ ശ്രമിക്കും. ഭയന്ന് ഓടുന്നതിനിടെ കത്തിക്ക് വെട്ടും. പിന്നീട് കൈയിലുള്ളതെല്ലാം പിടിച്ചുപറിച്ച് മുങ്ങുന്നതാണ് രീതി. സംഘത്തിന്റെ തലവൻ വൈപ്പിൻ സ്വദേശി അൻഷോയും കൂട്ടാളിയും പിടിയിലായിരുന്നു. മറ്റൊരാൾ ട്രെയിനിൽ കയറുന്നതിനിടെ വീണ് മരിച്ചു. ഒരാളെ പിടികൂടാനുണ്ട്. ഇവർ രണ്ടു ബൈക്കുകളിലെത്തിയ അക്രമിക്കുന്നതായിരുന്നു രീതി. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അക്രമണത്തിനിരയായ ആൻഡമാൻ നിക്കോബാർ സ്വദേശി പരാതി നൽകിയതോടെയാണ് സംഘത്തെക്കുറിച്ച് പൊലീസ് അറിഞ്ഞത്.
ഓപ്പറേഷൻ വീൽചെയർ
കഴിഞ്ഞവർഷം മറ്റൊരു സംഘത്തിന്റെ ഓപ്പറേഷൻ പൊലീസിനെ ഞെട്ടിച്ചിരുന്നു. വികലാംഗനായ യുവാവ് വീൽചെയറിൽ സഹായം ചോദിച്ചിരിക്കുന്നു. അതുവഴി വന്ന യുവാവ് പോക്കറ്റിൽ നിന്ന് പണമെടുക്കാൻ നിന്നതോടെ പതുങ്ങിനിന്ന മറ്റു രണ്ടുപേർ ചാടിവീണ് കമ്പിവടി വീശി. യുവാവിനെ കടന്നുപിടിച്ച് കൈയിലുള്ളതെല്ലാം അടിച്ചുമാറ്റി. ചെറുക്കാൻ ശ്രമിച്ചപ്പോൾ കമ്പിവടി വീശി ഭയപ്പെടുത്തി. യുവാവ് പരാതിപ്പെട്ടതിനാൽ പൊലീസ് അറിഞ്ഞു. ദിവസങ്ങൾക്കകം പ്രതികളെ പിടികൂടി. ഭയത്താൽ പരാതി നൽകാതെ സ്ഥലം വിടുന്നവർ നിരവധി പേരാണ്. ഇതിന് ശേഷം രാത്രിയിൽ ശക്തമായ പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തിയിരുന്നു.
ഇരുട്ടിന്റെ മറ
രാത്രിയിൽ തെരുവ് വിളക്കുകൾ കുറവുള്ള സ്ഥലങ്ങളിലാണ് സംഘങ്ങൾ തമ്പടിക്കുക. ഒറ്റയ്‌ക്ക് വരുന്നവരെയാണ് ലക്ഷ്യമിടുന്നത്. കെ.എസ്.ആർ.ടി സ്‌റ്റാൻഡിലൂടെ സൗത്ത് റെയിൽവേ സ്‌റ്റേഷൻ ഭാഗത്തേക്കുള്ള റോഡ്, അംബേദ്‌ക്കർ സ്‌റ്റേഡിയം പരിസരം, കാനൻഷെഡ് റോഡ്, കാരിക്കാമുറി ക്രോസ് റോഡ് എന്നിവിടങ്ങളിലാണ് പിടിച്ചുപറി സംഘങ്ങളുടെ അക്രമം അടുത്തകാലങ്ങളിൽ അരങ്ങേറിയത്. ഈ ഭാഗങ്ങളിലൊന്നും കാമറകളില്ല. ദുരെ സ്ഥലങ്ങളിൽ നിന്നെത്തി റെയിൽവേ സ്‌റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡ് എന്നിവിടങ്ങളിലേക്ക് പോകുന്നവരാണ് അക്രമണത്തിനിരയാകുന്നത്.
പട്രോളിംഗ് ശക്തമാക്കും
നഗരത്തിൽ സുരക്ഷ ശക്തമാക്കി. റെയിൽവേ സ്‌റ്റേഷൻ പരിസരം, കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡ് എന്നിവിടങ്ങളിൽ കൂടുതൽ പട്രോളിംഗ് സംഘങ്ങത്തെ നിയോഗിച്ചു..യാത്രക്കാർക്ക് സുരക്ഷിതമായി നടന്നുപോകാം. ഭയപ്പെടേണ്ടതില്ല.
കെ. ലാൽജി
അസി.കമ്മിഷണർ, കൊച്ചി