നെടുമ്പാശേരി: വിമാനത്താവളത്തിലെ പാർക്കിംഗ് ഏരിയയിൽ നിന്നും ബുള്ളറ്റുകൾ മോഷ്ടിച്ച കേസിൽ വിമാനത്താവളത്തിലെ സ്വകാര്യ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ പിടിയിലായി. മലപ്പുറം വാണിയമ്പലം വെള്ളയൂർ മാവുങ്കൽ വീട്ടിൽ മുഹമ്മദ് ഫായിസ് (22)ആണ് അറസ്റ്റിലായത്.
കേസിൽ കഴിഞ്ഞ ദിവസം മുകുന്ദപുരം കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം പൊന്നമ്മത്തറ വീട്ടിൽ പി.ബി. സുബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരാൾ കൂടി പിടിയിലാകാനുണ്ട്. സുബീഷിന്റെ സഹായിയാണ് ഫായിസ്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസിയിലെ മുൻ ജീവനക്കാരനാണ്. 2018 സെപ്തംബർ 27ന് മോഷണം നടക്കുമ്പോൾ മുഹമ്മദ് ഫായിസ് അവിടെ ജീവനക്കാരനായിരുന്നു. മോഷ്ടിച്ച ബുള്ളറ്റുകളിൽ വ്യാജ നമ്പർ പ്ലേറ്റ് വച്ച് സഞ്ചരിച്ച് ആർഭാട ജീവിതം നടത്തുകയും പണയം വച്ച് വൻതുകകൾ കൈക്കലാക്കുകയും ചെയ്തിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ നിർദ്ദേശപ്രകാരം സ്റ്റേഷൻ പി.എം. ബൈജു, സബ്ബ് ഇൻസ്‌പെക്ടർ ജോൺസൺ, സിവിൽ പൊലീസ് ഓഫീസർമാരായ സലിൻകുമാർ, വിനോദ്, സിനോജ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.