കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശ യാത്രകളെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് ഹർജി നൽകിയ വ്യക്തിയുടെ താത്പര്യമെന്താണെന്ന് പരിശോധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കന്യാകുമാരി സ്വദേശി ഡി. ഫ്രാൻസിസ് നൽകിയ ഹർജി വിശദവാദത്തിനായി ജൂലായിലേക്ക് മാറ്റി.

അഴിമതിയാരോപണമുണ്ടെങ്കിൽ ഉചിതമായ ഫോറത്തെ സമീപിക്കാതെ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതെന്തിനാണെന്ന് സിംഗിൾബെഞ്ച് വാക്കാൽ ചോദിച്ചു.

ജൂൺ ഏഴിന് കേസ് പരിഗണിച്ചപ്പോൾ ഹർജിക്കാരനോടു പത്തു ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടി നൽകിയിട്ടില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ ഒൗദ്യോഗികാവശ്യങ്ങൾക്കായി മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകളിൽ അഴിമതിയാരോപിക്കുന്നതെന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.

 യാത്രകൾ അനുമതിയോടെ

മുഖ്യമന്ത്രി 2016 ഡിസംബർ 21 മുതൽ 25 വരെ യു.എ.ഇയും 2018 ജൂലായ് എട്ടു മുതൽ 17 വരെ അമേരിക്കയും സന്ദർശിച്ചത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണെന്ന് സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറും ജോയിന്റ് സെക്രട്ടറിയുമായ ബി. സുനിൽ കുമാർ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകി.

ഷാർജയിലെ ഇന്ത്യൻ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യാനും പ്രവാസി സംഘടനകളുടെ പരിപാടിയിൽ പങ്കെടുക്കാനുമാണ് പോയത്. ഇതിന് 2018 ഡിസംബർ 19ന് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്നു.

ഫൊക്കാന കൺവെൻഷനിൽ പങ്കെടുക്കാനായിരുന്നു അമേരിക്കൻ യാത്ര. 2018 ജൂൺ 20ന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. 2018 ജൂലായ് എട്ടു മുതൽ 17 വരെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് യു.എസ്.എയിൽ തങ്ങേണ്ടി വന്നു. ഇതിന് കേന്ദ്ര സർക്കാർ അനുമതി നീട്ടി നൽകി. സ്വകാര്യാവശ്യങ്ങൾക്ക് അമേരിക്കയിൽ തങ്ങിയ കാലയളവിലെ ചെലവ് മുഖ്യമന്ത്രി തന്നെ വഹിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.