പെരുമ്പാവൂർ: സമീപവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ച അനധികൃത ലേബർ ക്യാമ്പ് കളക്ടറുടെ ഇടപെടലിനെത്തുടർന്ന് പൊളിച്ചുമാറ്റി. ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന കുഞ്ഞുമുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന നമ്പർ ലോഡ്ജ് എന്നറിയപ്പെടുന്ന വാടകക്കെട്ടിടമാണ് ജെ.സി.ബി.ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്.
35 സെന്റോളം വരുന്ന സ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകുന്നതിനായി നിർമ്മിച്ച കെട്ടിടത്തിനെതിരെ പരിസരവാസികൾ വർഷങ്ങളായി പഞ്ചായത്തിനും മറ്റ് അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടിയെടുത്തിരുന്നില്ല. സമീപവാസിയായ ചേലപ്പിള്ളി നാസർ അവസാന ശ്രമമെന്ന നിലയിൽ പുതുതായി ചാർജെടുത്ത കളക്ടർ എസ്. സുഹാസിനെ സമീപിക്കുകയായിരുന്നു.
കളക്ടറുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാര്യങ്ങൾ മനസിലാക്കി അദ്ദേഹത്തിന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിടം പൊളിച്ച് മാറ്റാൻ കളക്ടർ ഉത്തരവിടുകയായിരുന്നു. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ കളക്ടറേറ്റിൽ നിന്നെത്തിയ ഉദ്യോഗസ്ഥരുടെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടേയും സാന്നിദ്ധ്യത്തിൽ പൊലീസ് സംരക്ഷണത്തോടെ ജെ.സി.ബി.ഉപയോഗിച്ച് കെട്ടിടം പൊളിച്ചുമാറ്റുകയായിരുന്നു.
എട്ട് വർഷം മുമ്പ് പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഒരു മുറിക്ക് ലഭിച്ച നമ്പർ പ്രകാരം വൈദ്യുതി കണക്ഷൻ എടുത്താണ് സമീപതാമസ സ്ഥലത്തേക്ക് വൈദ്യുതി ലഭ്യമാക്കിയിരുന്നത്.
കെട്ടിടത്തിൽ താമസക്കാർക്ക് വേണ്ടത്ര ശുചീകരണസംവിധാനങ്ങൾ ഇല്ലായിരുന്നു. കുഴികളിലേക്കാണ് മാലിന്യങ്ങൾ ഒഴുക്കിവിട്ടിരുന്നത്. ഈ കുഴികൾ നിറഞ്ഞ് കവിഞ്ഞ് ഭൂമിക്കടിയിലേയും സമീപവാസികളുടെ വീടുകളിലേക്കും കിണറുകളിലേക്കും മാലിന്യം എത്തിയതോടെ സമീപവാസികളും കെട്ടിടംഉടമയും തമ്മിൽ കലഹങ്ങൾ പതിവായിരുന്നു. ഇതിനെതിരെ പരാതി നൽകുന്നവരെ കള്ളക്കേസിൽപ്പെടുത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പരിസരവാസികൾ പറയുന്നു.