ഏലൂർ: മകന്റെ ഇരുചക്ര വാഹനവായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ സ്വകാര്യബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഭീഷണി മുഴക്കിയതിനെ തുടർന്ന് മദ്ധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചു.പരസ്ഥിതി പ്രവർത്തകനായ ഏലൂർ ഫെറി റോഡിൽ വടശേരി വീട്ടിൽ ജോസ് വടശേരിയാണ് (61) മരിച്ചത്.
കഴിഞ്ഞ രണ്ട് മൂന്നു ദിവസങ്ങളായി ബാങ്കിന്റെ പേരിൽ ചിലർ വീട്ടിലെത്തിയിരുന്നു. വായ്പ തിരിച്ചടക്കാമെന്ന് ജോസ് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. വ്യാഴാഴ്ച രാവിലെ ഏഴരയോടെ ഒരാൾ വീണ്ടുമെത്തി ജോസുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിനിടെയാണ് ജോസ് കുഴഞ്ഞുവീണത്. ഉടൻ മഞ്ഞുമ്മലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഈ മാസം മുപ്പതിന് മുടങ്ങിയ രണ്ടു ഗഡു അടയ്ക്കാമെന്ന് പറഞ്ഞതാണെങ്കിലും ഇത് കേൾക്കാൻ ബാങ്കുകാർ തയ്യാറായില്ലെന്ന് ജോസിന്റെ മകൻ പറഞ്ഞു.അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനായ ജോസിനെ 'ഗ്രീൻപീസ്' പെരിയാറിന്റെ സംരക്ഷണത്തിനായി 'റിവർ കീപ്പർ' ആയി നിയോഗിച്ചിരുന്നു. ജയിലുകളിൽ പരിസ്ഥിതി ക്ലാസുകളും എടുക്കാറുണ്ട്.ഭാര്യ : ആലീസ്. മക്കൾ: ജോയൽ ,രമ്യ മരുമകൻ : കെടിസൺ
സംസ്കാരം ഇന്ന് രാവിലെ 11.30ന് ഏലൂർ സെന്റ് ആൻറണീസ് പള്ളിയിൽ.