കൊച്ചി : പെരിന്തൽമണ്ണ സ്വദേശിയായ വാഹനവ്യാപാരിയോടു കൈക്കൂലി വാങ്ങിയ കേസിൽ പി.എഫ് ഓഫീസറെ സി.ബി.ഐ പിടികൂടി. കോഴിക്കോട് ഇരഞ്ഞിപ്പാലം പി.എഫ് ഓഫീസിലെ എൻഫോഴ്സ്‌മെന്റ് ഓഫീസർ പ്രേമകുമാരനാണ് കുടുങ്ങിയത്. 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് ഇയാൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വ്യാപാരി നൽകിയ പരാതിയിൽ സി.ബി.ഐ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിച്ചത്. സി.ബി.ഐ സംഘം നൽകിയ നോട്ടുകളാണ് പ്രേമകുമാരന് വ്യാപാരി കൈമാറിയത്. സി.ബി.ഐ ഡിവൈ.എസ്.പി ദേവരാജന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടി. തുടർന്ന് ഇന്നലെ വൈകിട്ട് ഇയാളെ കൊച്ചിയിലെത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.