 പദ്ധതി ജൂലായിൽ തുടങ്ങും

കൊച്ചി: ജില്ലയെ മാലിന്യമുക്തമാക്കാൻ 'ക്ലീൻ എറണാകുളം' പദ്ധതിക്ക് ജില്ലാഭരണകൂടം രൂപം നൽകി. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് നിരത്ത് വിഭാഗം, നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ, കളമശേരി നഗരസഭ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടർ എസ്.സുഹാസ് കൂടിക്കാഴ്ച നടത്തി. ആദ്യപടിയായി ഇടപ്പള്ളി ടോൾ മുതൽ ചൂർണ്ണിക്കര പാലം വരെയുള്ള അഞ്ചു കിലോമീറ്റർ ദേശീയപാതയോരം വൃത്തിയാക്കും. ജൂലായ് രണ്ടാം വാരം പദ്ധതി തുടങ്ങും.

ശുചീകരിച്ച സ്ഥലങ്ങളിൽ തുടർന്നുണ്ടാകുന്ന മാലിന്യനിക്ഷേപം വീക്ഷിക്കാൻ നടപടിയെടുക്കും. ജൈവമാലിന്യങ്ങൾ, പ്ലാസ്റ്റിക്, തുണികൾ, ബാഗുകൾ, ചെരുപ്പുകൾ തുടങ്ങിയവ എന്നിങ്ങനെ മൂന്നായി മാലിന്യം വേർതിരിക്കും. ജൈവമാലിന്യം ബ്രഹ്മപുരത്തേയ്ക്കും പ്ലാസ്റ്റിക്കുകൾ കളമശ്ശേരി നഗരസഭയുടെ ഷ്രെഡ്ഡിംഗ് യൂണിറ്റിലേക്കും അയക്കും. ശേഷിക്കുന്നവയുടെ സംസ്‌കരണം സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. മൂന്നു ദിവസത്തിനകം മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരും. നടത്തിപ്പിൽ വളണ്ടിയർമാരുടെ സേവനം ഉറപ്പാക്കും. പദ്ധതിയുമായി അൻപൊടുകൊച്ചി സഹകരിക്കും.