കൊച്ചി : എസ്.ബി.ഐയുടെ വീഴ്ച മൂലം ബാങ്കിംഗ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണ സ്വദേശി ഷഹീർ അലി നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. അനാവശ്യ ഹർജിയാണിതെന്ന് വിലയിരുത്തിയ ഡിവിഷൻ ബെഞ്ച് മൂന്നാഴ്ചയ്ക്കകം 10,000 രൂപ പിഴയൊടുക്കാനും തുക കേരള ലീഗൽ സർവീസ് അതോറിട്ടിക്ക് (കെൽസ) നൽകാനും നിർദ്ദേശിച്ചു.
എസ്.ബി.ഐ ഉപഭോക്താക്കളുടെ വിവരങ്ങൾ ബാങ്കിന്റെ സെർവറിൽ നിന്ന് ചോർന്നെന്നും ഓൺലൈൻ ഇടപാടുകൾ തടസപ്പെട്ടെന്നുമുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. എസ്.ബി.ഐ ജനറൽ മാനേജർ അഞ്ച് കോടി രൂപ കെൽസയ്ക്ക് പിഴയായി നൽകാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും സെർവറിൽ ഇവ സുരക്ഷിതമാണെന്നും എസ്.ബി.ഐ വിശദീകരിച്ചു. ജനുവരി 31ന് ഹൈദരാബാദ് സെന്ററിലെ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസങ്ങൾ മാത്രമാണ് ഉണ്ടായതെന്നും വ്യക്തമാക്കി. തുടർന്ന് ഹർജിക്കാരനോട് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിശദീകരണം തേടിയെങ്കിലും ആരോപണത്തിന് കാരണമായ വസ്തുതകൾ വിശദീകരിക്കാൻ കഴിഞ്ഞില്ല.