lpgterminal

 പ്രാദേശിക എതിർപ്പുകൾ ഒഴിവാക്കാൻ കൊച്ചിയിൽ രണ്ടാഴ്ചയ്ക്കകം യോഗം

കൊച്ചി: രണ്ടുവർഷമായി സ്‌തംഭിച്ച് കോടികൾ നഷ്‌ടത്തിലായ കൊച്ചി പുതുവൈപ്പിലെ പാചകവാതക (എൽ.പി.ജി) ടെർമിനലിന്റെ നിർമ്മാണം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാരും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (ഐ.ഒ.സി) തീവ്രശ്രമത്തിൽ. പ്രാദേശികമായ എതിർപ്പൊഴിവാക്കാൻ രണ്ടാഴ്‌ചയ്‌ക്കകം കൊച്ചിയിൽ യോഗം ചേരും.

ഇറക്കുമതി ചെയ്യുന്ന എൽ.പി.ജി കൂറ്റൻ ടാങ്കുകളിൽ ശേഖരിച്ച് പൈപ്പ്‌ലൈൻ വഴി കേരളത്തിലെയും തമിഴ്നാട്ടിലെയും ബോട്ട്ലിംഗ് പ്ളാന്റുകളിലേക്ക് നൽകുന്നതാണ് പദ്ധതി. പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരമാണ് 2017 ജൂലായ് 16 ന് നിർമ്മാണം നിറുത്തിവച്ചത്. അപ്പോൾ മുപ്പതു ശതമാനത്തോളം നിർമ്മാണം പൂർത്തിയായിരുന്നു.

വ്യവസായമന്ത്രി ഇ.പി. ജയരാജനുമായി എൽ.പി.ജി വിഭാഗം ജനറൽ മാനേജർ സി.എൻ. രാജേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ഐ.ഒ.സി ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു. നിർമ്മാണം പുനരാരംഭിക്കാൻ അനുകൂലമായ നിലപാടാണ് മന്ത്രി അറിയിച്ചത്. പ്രാദേശികമായ എതിർപ്പ് നീക്കാൻ ടെർമിനൽ വിരുദ്ധ സമരസമിതി നേതാക്കൾ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗം വിളിക്കാൻ ജില്ലാ കളക്‌ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

ജനവാസമേഖലയിൽ ടെർമിനൽ സ്ഥാപിക്കുന്നത് അപകടകരവും ഭീഷണിയുമാണെന്നാണ് സമരസമിതിയുടെ വാദം. ടെർമിനലിന്റെ സുരക്ഷിതത്വം ഉൾപ്പെടെ യോഗത്തിൽ വ്യക്തമാക്കാൻ ഐ.ഒ.സി അധികൃതരോട് നിർദ്ദേശിച്ചു.

സുരക്ഷിതത്വം

 ലോകത്തെ ഏറ്റവും ആധുനികമായ മൗണ്ടഡ് ടാങ്കറുകളാണ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുക.

 ഭൂചലനം, സുനാമി, പ്രകൃതിക്ഷോഭങ്ങൾ എന്നിവ ചെറുക്കും.

 ചെലവിന്റെ മൂന്നിലൊന്ന് സുരക്ഷാ സൗകര്യങ്ങൾക്ക്.

 ഏതെങ്കിലും ഭാഗത്ത് സുരക്ഷാഭീഷണിയുണ്ടായാൽ മൊത്തം പ്രവർത്തനം നിലയ്ക്കുന്ന കേന്ദ്രീകൃത സുരക്ഷാസംവിധാനം.

ടെർമിനൽ
ഇറക്കുമതി ചെയ്യുന്ന എൽ.പി.ജി ടെർമിനലിൽ സംഭരിക്കും. പൈപ്പ്‌ലൈൻ വഴി കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഫില്ലിംഗ് സ്റ്റേഷനുകളിൽ എത്തിച്ച് സിലിണ്ടറിൽ നിറയ്ക്കും.

പ്രയോജനങ്ങൾ

 കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ എൽ.പി.ജി ക്ഷാമം തീരും.

 മംഗലാപുരത്തു നിന്ന് പ്രതിദിനം 125 ബുള്ളറ്റ് ടാങ്കറുകളിൽ എൽ.പി.ജി കൊണ്ടുവരുന്നത് ഒഴിവാകും.

 ബുള്ളറ്റ് ടാങ്കറുകൾ സൃഷ്ടിക്കുന്ന അപകടങ്ങൾ ഇല്ലതാകും.

 നഷ്‌ടം പെരുകുന്നു

ഐ.ഒ.സിയുടെ ദേശീയ പദ്ധതികളിൽ ഒന്നാണ് ടെർമിനൽ. നിർമ്മാണം നിലച്ചതിനാൽ പ്രതിദിനം ഒരു കോടി രൂപയോളം നഷ്‌ടമാണ് ഐ.ഒ.സി നേരിടുന്നത്.

 പദ്ധതി ചുരുക്കത്തിൽ
ടെർമിനൽ നിർമ്മാണച്ചെലവ് : ₹2,200 കോടി
സംഭരണശേഷി : പ്രതിവർഷം ആറു ലക്ഷം ടൺ

പദ്ധതി ആസൂത്രണം : 2006ൽ

സാദ്ധ്യാതാപഠനം : 2007ൽ

സ്ഥലമേറ്റെടുത്തത് : 2009ൽ

നിർമ്മാണത്തുടക്കം : 2016ൽ

സമരത്തുടക്കം : 2017ൽ

നിർമ്മാണം നിറുത്തിയത് : 2017 ജൂലായ് 16ന്

അനുമതികൾ എല്ലാമുണ്ട്

''കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, നാഷണൽ ഹരിത ട്രൈബ്യൂണൽ, പരിസ്ഥിതി വനം മന്ത്രാലയങ്ങൾ തുടങ്ങി എല്ലാവിധ അനുതികളും പദ്ധതിക്കുണ്ട്. സർക്കാർ അനുമതി നൽകിയാൽ ഒരാഴ്‌ചയ്‌ക്കകം നിർമ്മാണം പുനരാരംഭിക്കാൻ കഴിയും""

സി.എൻ. രാജേന്ദ്രകുമാർ,

ജനറൽ മാനേജർ (എൽ.പി.ജി),

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ.