കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല വീണ്ടും ലഭിച്ച സീറോ മലബാർസഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയോടും അദ്ദേഹത്തിന്റെ ഓഫീസിനോടും നിസഹകരിക്കാൻ വൈദിക സമിതി യോഗം തീരുമാനിച്ചു.
മാർപ്പാപ്പയുടെ ഉത്തരവ് പ്രകാരം കർദ്ദിനാൾ ആലഞ്ചേരി അതിരൂപതാ ആസ്ഥാനത്തെത്തി ചുമതലയേറ്റ സാഹചര്യത്തിലാണ് വൈദികർ ആലുവയിൽ യോഗം ചേർന്നത്. അധാർമ്മികമായി രൂപത ഭരിക്കുന്നവരോട് സഹകരിക്കില്ല. സഹായ മെത്രാന്മാരെ മാറ്റിയതും ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ നീക്കി കർദ്ദിനാളിനെ ഭരണം ഏല്പിച്ചതും പ്രതിഷേധാർഹമാണെന്ന് പ്രമേയത്തിൽ പറയുന്നു.
സ്ഥലമിടപാട് സംബന്ധിച്ച ഗൗരവമേറിയ കാരണങ്ങളാലാണ് ഭരണച്ചുമതലയിൽ നിന്ന് കർദ്ദിനാളിനെ നീക്കിയത്. ബിഷപ്പ് മനത്തോടത്തിനെ അറിയിക്കാതെ രാത്രിയിൽ അരമനയിലെത്തി കർദ്ദിനാൾ ചുമതലയേറ്റത് അപഹാസ്യമാണ്. ഇരുട്ടിന്റെ മറവിലും പൊലീസ് സഹായത്തിലും വത്തിക്കാന്റെ തീരുമാനം നടപ്പാക്കിയത് കത്തോലിക്കാസഭയുടെ രീതിക്ക് ചേർന്നതല്ല. സ്ഥലമിടപാടിൽ സ്വീകരിച്ച നിലപാട് സഭയോടും സിനഡിനോടുമുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരങ്ങൾ നൽകാതെ കർദ്ദിനാളിനോട് സഹകരിക്കില്ല. അടുത്ത സിനഡ് യോഗം വരെ മെത്രന്മാരെയും വൈദികരെയും സ്ഥലം മാറ്റരുതെന്നും വൈദിക സമിതി യോഗം ആവശ്യപ്പെട്ടു.
സഹായ മെത്രാന്മാരായ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ എന്നിവരെ നീക്കിയതിന് കാരണം വ്യക്തമാക്കിയിട്ടില്ല. സ്ഥലമിടപാടിൽ സത്യം പുറത്തുവരണമെന്ന് ആവശ്യപ്പെട്ടത് നാനൂറ് വൈദികരാണ്. അവരോട് മെത്രാന്മാർ സഹകരിച്ചത് മാപ്പർഹിക്കാത്ത കുറ്റമല്ല. മെത്രാന്മാരെ നീക്കിയവർ വൈദികർക്കെതിരെ നടപടിയെടുത്തില്ല. മാറ്റിനിറുത്തിയതിന് കാരണം വിശ്വാസികളെയും വൈദികരെയും ബോദ്ധ്യപ്പെടുത്തിയിട്ടില്ല.
ഗൗരവമായ സാമ്പത്തികക്രമക്കേടുകൾ ബോദ്ധ്യപ്പെട്ടതിനാലാണ് വത്തിക്കാൻ റിപ്പോർട്ടുകൾ ആവശ്യപ്പെട്ടത്.
സ്ഥലമിടപാടിലെ പിഴവുകളിൽ ഡോ. ജോസഫ് ഇഞ്ചോടി കമ്മിഷനും കെ.പി.എം.ജിയും തയ്യാറാക്കിയ റിപ്പോർട്ടുകളുടെ ഉള്ളടക്കം വിശ്വാസികളെ അറിയിക്കാൻ വത്തിക്കാനിലെ പൗരസ്ത്യ സംഘത്തിനും സീറോ മലബാർ സഭാ സിനഡിനും ബാദ്ധ്യതയുണ്ട്. സ്ഥലമിടപാട് കാര്യങ്ങൾ മാർപ്പാപ്പയോട് നേരിട്ട് വിശദീകരിക്കാൻ ബിഷപ്പ് മനത്തോടത്തിനെ പൗരസ്ത്യ സംഘം അനുവദിക്കാതിരുന്നത് സംശയകരമാണെന്നും പ്രമേയത്തിൽ പറയുന്നു.