yuvamorcha
കീഴ്മാട് സർക്കുലർ റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച സംസ്ഥാന സമിതി അംഗം രാജീവ് മുതിരക്കാട് പൊതുമരാമത്ത് ഓഫീസിൽ ശയന പ്രദക്ഷിണം നടത്തുന്നു

ആലുവ: കീഴ്മാട് സർക്കുലർ റോഡ് നവീകരണത്തിന് പൊതുമരാമത്ത് കോടികൾ അനുവദിച്ചിട്ടും ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച നേതാവ് പൊതുമരാമത്ത് ഓഫീസിന് മുമ്പിൽ ശയന പ്രദക്ഷിണം നടത്തി. യുവമോർച്ച സംസ്ഥാന സമിതി അംഗവും കീഴ്മാട് സ്വദേശിയുമായ രാജീവ് മുതിരക്കാടാണ് നഗരത്തിൽ പൊതുമരാമത്ത് ഓഫീസിൽ ശയന പ്രദക്ഷിണം നടത്തിയത്. ജി.ടി.എൻ കവല മുതൽ കുട്ടമശേരി കവല വരെ തകർന്നുകിടക്കുന്ന റോഡ് ടാറിംഗിന് 1.98 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് പലവട്ടം പി.ഡബ്ളിയു.ഡി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫലമില്ലാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിന് തയ്യാറായത്. വേഗത്തിൽ റോഡ് പണി പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമരക്കാർ അറിയിച്ചു.

നേതാക്കളായ ജില്ലാ വൈസ് പ്രസിഡന്റ് സലീഷ് ചെമ്മണ്ടൂർ, ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി പ്രീത രവി, കെ. രഞ്ജിത് കുമാർ, ബേബി നമ്പേലി, രാജേഷ് കുന്നത്തേരി ,സനീഷ് കളപ്പുരക്കൽ, കൃഷ്ണദാസ്, സുനിൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.