പറവൂർ : പൊതു വേദികളിൽ പാട്ടുപാടി കിട്ടുന്ന പണം സഹപാഠികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകി വിദ്യാർത്ഥി ഗായക സംഘം. അമ്പത് സഹപാഠികൾക്കാണ് ഇത്തവണ പഠനോപകരങ്ങൾ നൽകിയത്. പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എൻ.വി മ്യൂസിക് ടീമാണ് പതിനഞ്ചാം വാർഷികാഘോഷ വേളയിൽ വേറിട്ടൊരു മാതൃക പ്രവർത്തനം. വിദ്യാലയത്തിലെ സംഗീത വാദ്യോപകരണങ്ങലിലും അഭിരുചിയുള്ള വിദ്യാർത്ഥികളെ സംഘടിപ്പിച്ചു പതിനഞ്ച് വർഷം മുമ്പാണ് മ്യൂസിക് സംഘം രൂപീകരിച്ചത്. പ്രോഗ്രാമിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് എല്ലാ വർഷവും സഹപാഠികൾക്ക് സഹായം നൽകാറുണ്ട്. അർഹരായവരെ കണ്ടെത്തുന്നത് കുട്ടികൾ തന്നെയാണ്. സഹപാഠികളിൽ നിന്നും ലഭിച്ച പഠനോപകരണങ്ങൾ ഏറെ സന്തോഷത്തോടെയാണ് കുട്ടികൾ ഏറ്റുവാങ്ങിയത്. അദ്ധ്യാപകരായ പ്രമോദ് മാല്യങ്കര, പി.എ. പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഗാനമേള ടീം പ്രവർത്തിക്കുന്നത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള നൊസ്റ്റാൾജിയ എന്ന പേരിൽ വിവിധ ഗാനങ്ങൾ കോർത്തിണക്കി എസ്.എൻ.വി മ്യൂസിക്ക് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്. പഠനോപകരണങ്ങളുടെ വിതരണം എക്സൈസ് അസി. കമ്മീഷണർ എൻ.എസ്. സന്തോഷ് കുമാർ നിർവഹിച്ചു. പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷക വഹിച്ചു.