പെരുമ്പാവൂർ: മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനിഷാജി എന്നിവർ രാജിവച്ചു. യു.ഡി.എഫിലെ മുൻധാരണപ്രകാരമാണ് രാജി. കഴിഞദിവസം മുന്നറിയിപ്പില്ലാതെയാണ് ഇരുവരും സെക്രട്ടറിക്ക് രാജി സമർപ്പിച്ചതെന്ന് പറയുന്നു. 36 ഇനങ്ങളുള്ള അജണ്ട ചർച്ചചെയ്യാൻ നിശ്ചയിച്ചിരുന്ന പഞ്ചായത്ത് കമ്മിറ്റി നടക്കാനിരിക്കെയായിരുന്നു ഇരുവരുടേയും രാജി. 12 മണിയായിട്ടും യോഗം നടക്കാതായതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധമുയർത്തിയതിനെ തുടർന്ന് യോഗം മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു. ഭരണകക്ഷിയിലെ ഒരംഗം ദീർഘഅവധിയിൽ പ്രവേശിച്ചതായും പറയുന്നു.
സമീപ പഞ്ചായത്തുകൾ പലതും പദ്ധതിവിഹിതത്തിന്റെ പകുതിയും വിനിയോഗിച്ചെങ്കിലും മുടക്കുഴയിൽ ഇത് നടന്നിട്ടില്ലെന്നുമാത്രമല്ല, മൂന്നുദിവസം മുമ്പാണ് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം പോലും ലഭിച്ചത്. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനങ്ങൾ കെടുകാര്യസ്ഥതമൂലം നടപ്പാക്കാനാവുന്നില്ല. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങൾക്ക് നേരെ മുഖംതിരിക്കുന്ന നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷഅംഗം പി.കെ. ശിവദാസ് അറിയിച്ചു.