കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്തു നടത്തിയ കേസിൽ അഡ്വ. എം. ബിജു, സെറീന ഷാജി, സുനിൽ കുമാർ, പി.കെ. റാഷിദ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സിംഗിൾബെഞ്ചിലാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 25ന് ഇവരുടെ ജാമ്യഹർജി പരിഗണിച്ചപ്പോൾ, ബാലഭാസ്കറിന്റെ കാറപകടവും സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അറിയിക്കാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചിരുന്നു. സ്വർണക്കടത്തു കേസിലെ പ്രതികളിൽ ചിലർ ബാലഭാസ്കറിന്റെ സഹായികളായിരുന്നെന്ന് ഡി.ആർ.ഐ വ്യക്തമാക്കിയതിനെ തുടർന്നായിരുന്നു ഇത്. ഇന്നലെ ഹർജികൾ പരിഗണിച്ച ഹൈക്കോടതി, സ്വർണക്കടത്തു കേസിലെ ജാമ്യാപേക്ഷയെ ഡി.ആർ.ഐ എന്തുകൊണ്ട് എതിർക്കുന്നുവെന്ന് വ്യക്തമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ച് പറഞ്ഞത്
സ്വർണക്കടത്തു കേസിൽ പ്രതികളായ വിഷ്ണു, പ്രകാശൻ തമ്പി എന്നിവരെ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. അപകട സമയത്ത് കാർ ഓടിച്ചതാരെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഡ്രൈവിംഗ് സീറ്റിൽ നിന്ന് ശേഖരിച്ച മുടിയും രക്തക്കറയും ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. വിഷ്ണുവിനെ ഇനിയും ചോദ്യം ചെയ്യും. ഡ്രൈവറായിരുന്ന അർജ്ജുൻ, വിഷ്ണു എന്നിവരുടെ ക്രിമിനൽ പശ്ചാത്തലം സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോയിൽ നിന്ന് അറിയേണ്ടതുണ്ട്. അപകടം നടന്ന റോഡിന്റെ സ്ഥിതി അറിയാൻ ദേശീയ പാത അതോറിട്ടിയെയും സംഭവ ദിവസത്തെ കാലാവസ്ഥയെക്കുറിച്ച് അറിയാൻ കാലാവസ്ഥാ വകുപ്പിനെയും ബന്ധപ്പെട്ടു. കാർ അമിത വേഗത്തിലായിരുന്നോ എന്നറിയാൻ ആർ.ടി.ഒയെയും റോഡിൽ വെളിച്ചമുണ്ടായിരുന്നോയെന്നറിയാൻ കെ.എസ്.ഇ.ബിയെയും സമീപിച്ചിട്ടുണ്ട്.
പ്രകാശൻതമ്പി, വിഷ്ണു, അർജ്ജുൻ, ഡോ. രവീന്ദ്രനാഥ്, ലത എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കും. ഭൂസ്വത്തുക്കളുടെ വിവരം പരിശോധിക്കും. വിഷ്ണുവും പ്രകാശൻ തമ്പിയും ബാലഭാസ്കറിന്റെ സ്വത്തുക്കൾ കൈവശം വച്ചുപയോഗിച്ചിരുന്നോയെന്നും അന്വേഷിക്കും.