school-file
പായിപ്ര ഗവ.യു.പി സ്‌കൂളിലെ വായനാദിന പരിപാടികൾ കവയിത്രി തസ്മിൻ ഷിഹാബ് ഉദ്ഘാടനം ചെയ്യുന്നു. പി.എസ്. ഗോപകുമാർ, നസീമ സുനിൽ, നൗഷാദ്, സി.എൻ. കുഞ്ഞുമോൾ തുടങ്ങിയവർ സമീപം

മൂവാറ്റുപുഴ: വായനപക്ഷാചരണത്തോടനുബന്ധിച്ച് ജൂലായ് 7 വരെ നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് പായിപ്ര ഗവ. യു.പി സ്‌കൂളിൽ തുടക്കം. വായനാദിന പരിപാടികൾ കവയിത്രിയും അദ്ധ്യാപികയുമായ തസ്മിൻ ഷിഹാബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എസ്. ഗോപകുമാർ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. വാർഡ് മെമ്പർ നസീമ സുനിൽ വായനാദിന സന്ദേശം നൽകി. ഇലാഹിയ ആർട്‌സ് ആൻഡ് സയൻസ് കോളേജ് സ്‌കൂൾ ലൈബ്രറിയിലേയ്ക്ക് നൽകിയ ഇരുന്നൂറോളം പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് സി.എൻ. കുഞ്ഞുമോൾ ഏറ്റുവാങ്ങി. കോളേജിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ നടപ്പിലാക്കുന്ന വിവിധ വായനാ പ്രവർത്തനങ്ങളെക്കുറിച്ച് പ്രൊഫ. അജാസ് സംസാരിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച പുസ്തക പ്രദർശനത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് പി.ഇ. നൗഷാദ് നിർവഹിച്ചു.

സ്‌കൂളിലെ ഓരോ കുട്ടിയുടെ വീട്ടിലും നടപ്പിലാക്കുന്ന ഹോം ലൈബ്രറി പദ്ധതിയുടെ ഉദ്ഘാടനം പായിപ്ര ജാമിഅ ഹുസൈനിയ അറബിക് കോളേജിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ഇബ്രാഹിം നിർവ്വഹിച്ചു. വാർഡ് മെമ്പർ പി.എസ്. ഗോപകുമാർ വായനാ പ്രവർത്തന പാക്കേജ് കുട്ടികൾക്ക് കൈമാറി. കുറിപ്പ് തയ്യാറാക്കൽ, അസംബ്ലിയിൽ അവതരണം, നിരൂപണം, ചിത്രീകരണം, പുതിയ സൃഷിടകൾ രൂപപ്പെടുത്തൽ, മികച്ച വായനക്കാരനെ തിരെഞ്ഞെടുക്കൽ എന്നിവയാണ് ഹോം ലൈബ്രറിയിലൂടെ ലക്ഷ്യമിടുന്നത്. പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് പബ്ലിക് ലൈബ്രറി സന്ദർശനം, ലൈബ്രറി അംഗത്വമെടുക്കൽ, പുസ്തകങ്ങൾ പരിചയപ്പെടൽ എന്നിവയും ഡിജിറ്റൽ ക്വിസ് മത്സരം എന്നിവയും വായന പക്ഷാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ നടക്കും.

സ്‌കൂളിൽ നടന്ന വായനാ പരിപാടികളിൽ എസ്.എം. റഫീഖ് തങ്ങൾ, കെ.എ. നവാസ്, ഹസൈനാർ കാളക്കുഴി തുടങ്ങിയവർ സംസാരിച്ചു. അദ്ധ്യാപകരായ കെ.എം. നൗഫൽ, സെലീന എ, പി.കെ. മുഹ്‌സിന, സി.എ. അമ്മിണി, കെ.എം. അനീസ, ലിബിന മീരാൻ, കെ.എം. സുൽഫീന, എ. പ്രിയ, സുമയ്യ മൈതീൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.