മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ.മോഡൽ ഹൈസ്‌കൂളിൽ കൃഷി ഭവന്റെയും പി.ടി.എയുടെയും നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി. സ്‌കൂൾ കോമ്പോണ്ടിൽ ഇരുനൂറോളം ഗ്രോബാഗുകളിലായി പയർ, വഴുതന, വെണ്ട, പച്ചമുളക്, തക്കാളി, ചേന, ചേമ്പ്, കാച്ചിൽ, കപ്പ, ഇഞ്ചി, മഞ്ഞൾ, കച്ചോലം അടക്കമുള്ളവയാണ് കൃഷി ചെയ്യുന്നത്. നടീൽ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ജിനു മടേയ്ക്കൽ, പി.ടി.എ പ്രസിഡന്റ് സെബി പൂവൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.കെ. സജിമോൾ, കൃഷി ഓഫീസർ രമാദേവി, പ്രിൻസിപ്പൽമാരായ വിജി, ബിനോയി ചെറിയാൻ, ഹെഡ്മിസ്ട്രസ് അജിത കുമാരി എന്നിവർ സംസാരിച്ചു. സ്‌കൂളിലെ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കാണ് പച്ചക്കറി കൃഷിയുടെ സംരക്ഷണ ചുമതല.