മൂവാറ്റുപുഴ: വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം പ്രാണൻ നൽകിയ മൂവാറ്റുപുഴ കടാതി വിവേകാനന്ദ സ്‌കൂളിലെ അദ്ധ്യാപികയും അരിക്കുഴ പുതുപെരിയാരം പാലക്കാട്ട് പുത്തൻപുരയിൽ ദീപുവിന്റെ ഭാര്യയുമായ രേവതിയുടെ കുടുംബത്തിന് അടിയന്തര സർക്കാർ ധനസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കഴിഞ്ഞ 21ന് വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മൂന്ന് വയസുകാരിയായ മകളുണ്ട്. ഈ കുഞ്ഞിന് ആശ്രയമാവേണ്ടത് സമൂഹത്തിന്റെയും സർക്കാരിന്റെയും ബാദ്ധ്യതയാണന്നും അടിയന്തിര സർക്കാർ ധനസഹായം ലഭ്യക്കമാക്കണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചാൽ ധനസഹായം ലഭ്യമാകുമെന്നും എം.എൽ.എ പറഞ്ഞു.