classroom

കൊച്ചി : ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നത് ഇതിനെതിരെയുള്ള ഹർജികളിലെ അന്തിമ തീർപ്പിനു വിധേയമാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശുപാർശകൾ നടപ്പാക്കാനുള്ള സർക്കാർ ഉത്തരവു സ്റ്റേ ചെയ്തതു ഭേദഗതി ചെയ്താണ് സിംഗിൾ ബെഞ്ച് ഉത്തരവ്. അതിനാൽ ശുപാർശകൾ നടപ്പാക്കുന്നതിനായി കെ.ഇ.ആർ ഭേദഗതി ചെയ്യുന്നതടക്കമുള്ള നടപടികളുമായി സർക്കാരിന് മുന്നോട്ടു പോകാനാവും. റിപ്പോർട്ട് നടപ്പാക്കരുതെന്നാണ് അന്തിമവിധിയെങ്കിൽ നടപടികളൊക്കെ പാഴ്‌വേലയാകും

സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ ഏകീകരിക്കാൻ കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആർ) ഭേദഗതി കൊണ്ടുവരാൻ കരട് തയ്യാറാക്കിയെങ്കിലും സ്റ്റേ നിലവിലുള്ളതിനാൽ തുടർ നടപടി സാദ്ധ്യമാകുന്നില്ലെന്ന സർക്കാരിന്റെ വാദം അംഗീകരിക്കുകയായിരുന്നു.

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, കെ.എച്ച്.എസ്.ടി.യു, എൻ.എസ്.എസ് തുടങ്ങിയവർ നൽകിയ ഹർജിയിൽ ജൂൺ 17 നാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്.

. ഇടക്കാല ഉത്തരവിൽ സർക്കാരിന് ചില നിർദ്ദേശങ്ങളും ഹൈക്കോടതി നൽകിയിട്ടുണ്ട്.

 നിർദ്ദേശങ്ങൾ

 കേരള വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടർമാരുടെ നിയമപരമായ കടമകളും ഉത്തരവാദിത്വങ്ങളും ബന്ധപ്പെട്ട അധികാരികൾ തടസമില്ലാതെ നിർവഹിക്കുന്നെന്ന് സർക്കാർ ഉറപ്പാക്കണം.

 സ്കൂൾ ഏകീകരണത്തിന്റെ പേരിൽ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, മാനേജർമാർ, മാനേജ്മെന്റുകൾ എന്നിവരുടെ നിയമപരമായ അവകാശങ്ങൾ നിഷേധിക്കരുത്.

 ശുപാർശകളുടെ അടുത്ത ഘട്ടം നടപ്പാക്കുന്നതിന് മുമ്പ് ഹർജിക്കാരടക്കം ബന്ധപ്പെട്ടവർക്ക് നിർദ്ദേശങ്ങൾ നൽകാൻ മതിയായ അവസരം നൽകണം.