khader-committee

കൊച്ചി : ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതു സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി ഭേദഗതി ചെയ്തത് തത്കാലത്തേക്കെങ്കിലും സർക്കാരിന് ആശ്വാസമാകും. സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഏകീക രണത്തിലൂടെ ഒന്നു മുതൽ 12 വരെ ക്ളാസുകൾ ഒരു ഓഫീസിനു കീഴിലാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമിട്ടത്. ഇതിനായി ഖാദർ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാൻ മേയ് 31 നാണ് ഉത്തരവിറക്കി.

എന്നാൽ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നടപടിയാണിതെന്നാരോപിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയിലെത്തിയത്. അതേസമയം ഖാദർ കമ്മിറ്റി ശുപാർശയുടെ ആദ്യഘട്ടമാണ് നടപ്പാക്കുന്നതെന്നും സ്കൂളുകളുടെ ലയനമല്ല, ഭരണപരമായ സൗകര്യത്തിനുവേണ്ടിയുള്ള ഏകീകരണമാണിതെന്നും സർക്കാർ വാദിച്ചു. ആദ്യഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നിവയെ ഏകോപിപ്പിച്ച് ഡയറക്ടർ ഒഫ് ജനറൽ എഡ്യൂക്കേഷൻ എന്നൊരു തസ്തികയ്ക്ക് രൂപം നൽകി. പരീക്ഷാ നടത്തിപ്പ് കമ്മിഷണർ ഒഫ് ഗവ. എക്സാമിനേഷനു കീഴിലാക്കി. മാത്രമല്ല, ഈ പദവിയിലേക്ക് ഡയറക്ടർ ഒഫ് ജനറൽ എഡ്യൂക്കേഷനെ നിയമിച്ചു. ഏകീകരണം നടപ്പാക്കുന്നതോടെ ഹെഡ്മാസ്റ്റർ പദവി വൈസ് പ്രിൻസിപ്പൽ പദവിയാക്കി മാറ്റി. ഇതേപോലെ ഹയർ സെക്കൻഡറി പ്രിൻസിപ്പലിനെ സ്കൂളിന്റെ പ്രിൻസിപ്പലാക്കിയെന്ന് സർക്കാർ വിശദീകരിച്ചു.

മതിയായ തയ്യാറെടുപ്പുകളോ കെ.ഇ.ആർ ഭേദഗതിയോ ഇല്ലാതെയാണ് സമഗ്ര മാറ്റത്തിനൊരുങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഇതിനെ എതിർത്തത്. വൈസ് പ്രിൻസിപ്പൽ പദവിക്ക് രൂപം നൽകിയത് കെ.ഇ.ആർ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇവർ വ്യക്തമാക്കി. തുടർന്നാണ് സ്റ്റേ അനുവദിച്ചത്.