കൊച്ചി: കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന് മഹാരാജാസ് കോളേജ് കാമ്പസിൽ സ്മാരകസ്തൂപം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ ഹൈക്കോടതിയെ സമീപിക്കാൻ കെ.എസ്.യു തീരുമാനിച്ചു. കാമ്പസിനുള്ളിലെ സ്മാരകസ്തൂപം നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു കോളേജ് വികസനസമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക്‌ പരാതി നൽകി. ഇതിന് പിന്നാലെയാണ് ഇതേ കാരണം ഉയർത്തി ഹൈക്കോടതിയെ സമീപിക്കുന്നത്.

അതേസമയം അഭിമന്യു സ്മാരകസ്തൂപം പണിയാൻ എസ്.എഫ്.ഐ സംഘടനാപരമായി തീരുമാനം എടുത്തിട്ടില്ലെന്നാണ് എസ്.എഫ്.ഐ ജില്ലാ നേതൃത്വം പറയുന്നത്. കോളേജിലെ വിദ്യാർത്ഥികളാണ് സ്തൂപം നിർമ്മിക്കുന്നത്. അഭിമന്യു മുന്നോട്ടുവച്ച രാഷ്ട്രീയം ഇഷ്ടപ്പെടാത്തവരാണ് എതിർപ്പിന് പിന്നിലെന്നാണ് എസ്.എഫ്.ഐയുടെ വാദം. കോളേജ് കാമ്പസിനകത്താണ് സ്തൂപം നിർമ്മാണം. അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷി ദിനമായ ജൂലായ് രണ്ടിന് സ്തൂപം അനാച്ഛാദനം ചെയ്യാനിരിക്കെയാണ് കെ.എസ്.യു പരാതിയുമായി രംഗത്തെത്തിയത്.

അനുമതിയോടെയല്ല നിർമ്മാണമെന്നാണ് കോളേജ് അധികൃതർ പറയുന്നത്. കെ.എസ്.യുവിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കോളേജ് അധികൃതർ ഇടപെട്ടതിനെ തുടർന്ന് നിർമാണം നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ, സ്തൂപത്തിന്റെ നാലുഭാഗവും തുണികെട്ടി മറച്ച്നിർമാണം വേഗത്തിൽ നടക്കുകയാണെന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സൈക്രട്ടറി എ.എ. അജ്മൽ പറഞ്ഞു. സർക്കാർ ഭൂമിയിൽ നടക്കുന്ന കൈയേറ്റം പൊളിക്കണമെന്നും അനധികൃത നിർമാണം നടത്തിയവർക്കെതിരേ നടപടി വേണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.