കൊച്ചി: സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷൻ രണ്ടാം ഘട്ടത്തിൽ 3500 വീടുകളുടെ നിർമ്മാണം ജില്ലയിൽ അന്തിമഘട്ടത്തിലേക്ക്. ഇവയിൽ 1500 വീടുകളുടെ മേൽക്കൂര നിർമ്മാണം ഉടൻ പൂർത്തിയാകും. 2210 വീടുകൾ കൈമാറിക്കഴിഞ്ഞു.

ജില്ലയിലെ 96 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആറുമാസം മുമ്പാണ് വീടുകളുടെ നിർമ്മാണം ആരംഭിച്ചത്. 2021ന് മുമ്പ് എല്ലാവർക്കും വീടെന്നതാണ് ലൈഫ് മിഷൻ പദ്ധതി​.

 രണ്ടു മുറികളും അടുക്കളയും ടോയ്ലറ്റും ഉൾപ്പെടുന്ന വീടിന് 4 ലക്ഷം രൂപ നൽകും. 40,000, 1.6 ലക്ഷം രണ്ട് തവണ, 40,000 എന്നി​ങ്ങി​നെ പണം കൈമാറും. വിസ്തീർണം 420 ചതുരശ്ര അടിയിൽ കൂടരുത്.

 പണിതീരാത്ത വീടുകൾക്കുള്ള പദ്ധതിയായിരുന്നു ആദ്യ ഘട്ടം. രണ്ടാം ഘട്ടം ഭൂമിയുള്ള എല്ലാ ഭവനരഹിതർക്കും വീടു നൽകും. ജില്ലയിൽ പതിനായിരത്തിലേറെപ്പേർ ആദ്യം അപേക്ഷി​ച്ചു. പകുതി​യോളം നിരാകരിച്ചു.

 ഭൂരഹിത ഭവനരഹിതർക്കുള്ള പദ്ധതി ഇക്കൊല്ലം തന്നെ ആരംഭിക്കും. ജില്ലയിൽ 47,000 പേരുണ്ട് ഇക്കൂട്ടർ. അന്തിമ പട്ടികയിൽ 37000 പേർ ഇടംപിടിച്ചു.

 കൊച്ചി കോർപ്പറേഷൻ പരിധിയിൽ 13,000 പേർ പട്ടികയിലുണ്ട്. പൊതു ഉടമസ്ഥതയിലുള്ള ഭവന സമുച്ചയമാണ് ഇവർക്ക് ഒരുക്കുക.

 എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപത്തെ പി ആൻഡ് ടി കോളനി നിവാസികൾക്കായി​ തോപ്പുംപടിയിൽ നിർമ്മാണത്തിലുള്ള ഫ്ലാറ്റ് സമുച്ചയമാണ് ജില്ലയിൽ ഭൂരഹിത ഭവന രഹിത പദ്ധതിയിലെ ആദ്യപദ്ധതി.

 പല തദ്ദേശ സ്ഥാപനങ്ങളും ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. സ്ഥലം കണ്ടെത്തുകയാണ് വലിയ വെല്ലുവിളി. സന്നദ്ധ സംഘടനകൾ , വ്യക്തികൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ കൂടി സൗജന്യമായി വസ്തു ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

 എല്ലാവർക്കും വീട് ഉറപ്പാക്കും

ലൈഫ് മി​ഷൻ ജില്ലയിൽ രണ്ടു വർഷത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കും. ജനപ്രതിനിധികളും സാമൂഹിക സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെയുള്ളവരെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം ഉൗർജി​തമാണ്.

എൽദോ എബ്രഹാം എം.എൽ.എ.