ആലുവ: മൂന്നാഴ്ച്ച മുമ്പ് മൺമറഞ്ഞ പൊതുപ്രവർത്തകൻ കെ.ജെ. ഡൊമിനിക്കിന്റെ വർഷങ്ങൾ നീണ്ട പോരാട്ടം ഫലം കാണുന്നു. ആലുവ ബാങ്ക് കവലയിൽ ബ്രിഡ്ജ് റോഡിലെ കൈയ്യേറ്റങ്ങൾ പൊളിപ്പിക്കാൻ റവന്യൂ വകുപ്പ് നടപടിയാരംഭിച്ചു. ജൂലായ് ഒമ്പതാം തീയതി മുതൽ പി.ഡബ്ല്യു.ഡിയുടെ മേൽനോട്ടത്തിൽ കൈയ്യേറ്റം ഒഴിപ്പിക്കാനാണ് തീരുമാനം.
ഗതാഗതക്കുരുക്കിൽ ആലുവ നഗരം നട്ടംതിരിഞ്ഞപ്പോൾ പരിഹാരവുമായി സി.പി.ഐ ലോക്കൽ സെക്രട്ടറിയായിരുന്ന കെ.ജെ. ഡൊമിനിക്ക് മുന്നിട്ടിറങ്ങുകയായിരുന്നു. നഗരത്തിന്റെ പ്രവേശന കവാടമായ ബൈപ്പാസ് മുതൽ ബാങ്ക് കവല വരെയുള്ള അനധികൃത കയ്യേറ്റങ്ങൾ അളന്ന് ചിട്ടപ്പെടുത്തി പൊളിച്ചുനീക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കെ.ജെ. ഡൊമിനിക്ക് വന്യൂവകുപ്പിനും പി.ഡബ്ല്യു.ഡി. വകുപ്പിനും രണ്ടര വർഷം മുമ്പ് പരാതി നൽകിയത്. 2017ൽ അനധികൃത കയ്യേറ്റങ്ങൾ അളന്നു തിട്ടപ്പെടുത്തിയെങ്കിലും കഴിഞ്ഞ പ്രളയത്തിൽ ഫയലുകൾ നഷ്ടമായി. ഇതേതുടർന്ന് വീണ്ടും അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും അളന്നു തിട്ടപ്പെടുത്തിയാണ് പൊളിക്കാൻ നടപടിയെടുക്കുന്നതെന്ന് തഹസിൽദാർ ബാബു അറിയിച്ചു.
സർവേയർമാരുടെ ക്ഷാമം കാരണം അനധികൃത കയ്യേറ്റങ്ങൾ അളന്നു തിട്ടപ്പെടുത്താൻ കാലതാമസം നേരിട്ടു. അനധികൃത കൈയേറ്റങ്ങൾ പൊളിക്കുന്നതോടെ ബസ് ബേ നിർമ്മാണം നടക്കും. അതോടെ വലിയ ശതമാനം ബ്ലോക്കിനുള്ള സാധ്യത ഇല്ലാതാവുമെന്നും ഗതാഗതത്തിന് പ്രശ്‌നമില്ലാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനാകുമെന്നും കച്ചവട സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായകമാകുമെന്നും സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ പറഞ്ഞു.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ഇതേ റോഡിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചെങ്കിലും ചിലർ ഹൈക്കോടതിയിൽ നിന്നും ഉത്തരവ് സമ്പാദിച്ച് തിരിച്ചുപിടിച്ചതാണ്. ഒഴിപ്പിച്ചെടുത്ത മറ്റ് ഭാഗങ്ങളെല്ലാം പഴയ കൈയ്യേറ്റക്കാർ വീണ്ടും കൈയേറുന്ന അവസ്ഥയായി. ഈ ഭാഗത്ത് കോടികൾ വിലമതിക്കുന്ന പുറമ്പോക്ക് സ്ഥലവും സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ട്.