കൊച്ചി : വിവാഹ മോചനങ്ങൾ വർദ്ധിച്ചു വരുന്ന വർത്തമാനകാലത്തിന്റെ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ളയെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് വിവാഹ മോചനം അപൂർവ സംഭവമായിരുന്നെങ്കിൽ ഇന്ന് ബ്രേക്ക് അപ്പ് നിത്യ സംഭവമായെന്നും ചിത്രത്തിന്റെ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ അഭിപ്രായപ്പെട്ടു. നിരവധി സാമൂഹ്യ പ്രശ്നങ്ങൾ സിനിമയിൽ പറയുന്നുണ്ട്. എന്നാൽ വിവാഹ മോചനത്തിനാണ് ഏറെ പ്രാധാന്യം - സംവിധായകൻ വിശദീകരിച്ചു. ചിത്രത്തിലെ നായിക അശ്വതി മനോഹരൻ, തിരക്കഥാ കൃത്ത് സനിലേഷ് ശിവൻ, ഛായാഗ്രാഹകൻ ബാഹുൽ രമേശ്, സംഗീത സംവിധായകൻ സാമുവൽ എബി, മാർക്കറ്റിംഗ് കൺസൾട്ടന്റ് ജിഷ്‌ണു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.