ആലുവ: പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി രാജ്കുമാർ മരിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ആലുവയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.ജി സംഭവസ്ഥലം സന്ദർശിച്ചിട്ടുണ്ട്. എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു. കസ്റ്റഡിയിലെടുക്കാൻ കാരണമായ സാമ്പത്തിക ഇടപാടുകളടക്കം എല്ലാ കാര്യങ്ങളും അന്വേഷണസംഘം വിശദമായി പരിശോധിക്കും. ജൂലായ് 10നകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.