നെടുമ്പാശേരി: നിക്ഷേപകർക്ക് 27 ശതമാനം ലാഭവിഹിതം നൽകാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഏഴ് ശതമാനം വർദ്ധനയോടെ 166.92 കോടി രൂപയുടെ ലാഭമാണ് സിയാൽനേടിയത്.
650.34 കോടി രൂപയായിരുന്നു വരുമാനം. പ്രളയം മൂലം 15നാൾ വിമാനത്താവളം അടച്ചിട്ടെങ്കിലും വരുമാനത്തിൽ 17.52 ശതമാനം വർദ്ധനയുണ്ടായി. 2017-18ൽ 155.99 കോടി രൂപയായിരുന്നു ലാഭം. സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ് (സി.ഡി.ആർ.എസ്.എൽ) ഉൾപ്പെടെ സിയാലിന് 100 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഉപകമ്പനികളുടെ പ്രവർത്തനഫലം കൂടിച്ചേർക്കുമ്പോൾ 807.36 കോടി രൂപയാണ് മൊത്ത വരുമാനം. ലാഭം 184.77 കോടി രൂപ. സിയാൽ ഡ്യൂട്ടി ഫ്രീ മാത്രം കഴിഞ്ഞ സാമ്പത്തിക വർഷം 240.33 കോടി രൂപയുടെ വരുമാനം നേടി.
30 രാജ്യങ്ങളിൽ നിന്നായി 18,000ൽ അധികം നിക്ഷേപകരുള്ള സിയാലിന്റെ രജത ജൂബിലി വർഷമാണിത്. 2003-04 മുതൽ തുടർച്ചയായി സിയാൽ ലാഭവിഹിതം നൽകുന്നുണ്ട്. 32.41 ശതമാനം ഓഹരിയുള്ള സംസ്ഥാന സർക്കാരിന് 2017-18ൽ മാത്രം 31 കോടി രൂപ ലാഭവിഹിതമായി നൽകി. നിലവിൽ, നിക്ഷേപത്തിന്റെ 228 ശതമാനം മൊത്തം ലാഭവിഹിതം ഓഹരിയുടമകൾക്ക് മടക്കി നൽകിക്കഴിഞ്ഞു. 2018-19ലെ ലാഭവിഹിതം കൂടി കണക്കാക്കിയാൽ ഇത് 255 ശതമാനമാകും. സിയാലിന്റെ വാർഷികയോഗം സെപ്‌തംബർ 28ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ നടക്കും.
യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു. സിയാൽ ബോർഡ് അംഗവും മന്ത്രിയുമായ വി.എസ്. സുനിൽകുമാർ, ഡയറക്‌ടർമാരായ റോയ് കെ. പോൾ, എ.കെ. രമണി, എം.എ. യൂസഫ് അലി, ഇ.എം. ബാബു, സിയാൽ മാനേജിംഗ് ഡയറക്‌ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ പങ്കെടുത്തു.