പൊലീസുകാരുടെ പരിശീലന കാലയളവ് സർവീസായി
പരിഗണിക്കണം
ആലുവ: സർവീസിൽ നിന്നും വിരമിച്ച പൊലീസ് സേനാംഗങ്ങളുടെ അനുഭവ പരിജ്ഞാനം തുടർന്നും ഉപയോഗിക്കാൻ സമൂഹം തയ്യാറാകണമെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം ആവശ്യപ്പെട്ടു. ജനമൈത്രി പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ ഒത്തുതീർപ്പാക്കാൻ ഇവരുടെ സേവനം ഉപയോഗിക്കണമെന്നും ഗവർണർ നിർദ്ദേശിച്ചു.
കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. എഫ്.ഐ.ആർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന തന്റെ വിധിന്യായം പൊലീസ് സംവിധാനത്തിൽ നല്ല മാറ്റം വരുത്തിയെന്നും ഗവർണർ പറഞ്ഞു.
ബെന്നി ബെഹനാൻ എം.പി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, റിട്ട. ഡി.ജി.പി ജേക്കബ് പുന്നൂസ്, അസോസിയേഷൻ പ്രസിഡന്റ് പി.കെ. ലംബോദരൻ നായർ, ജനറൽ സെക്രട്ടറി കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
സ്റ്റേഷൻ ചുമതല സി.ഐമാർക്ക് നൽകിയത് മനോവീര്യം തകർക്കും: രമേശ് ചെന്നിത്തല
ആലുവ: പൊലീസ് സ്റ്റേഷൻ ചുമതല സി.ഐമാർക്ക് നൽകിയത് പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അസോസിയേഷൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനാവശ്യമായ പരിഷ്കാരം പൊലീസിന്റെ കാര്യക്ഷമതയെ ബാധിക്കുമോയെന്നും സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയത്തിൽ വീട് തകർന്ന കുന്നുകര പഞ്ചായത്തിൽ കാങ്ങായി മനോജിന് സംഘടന നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോദരൻ നിർവ്വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം ഉപഹാരങ്ങൾ സമ്മാനിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ മാർട്ടിൻ കെ. മാത്യു, സി.എസ്. ഗോപാലകൃഷ്ണൻ, വി.പി. മന്മഥൻനായർ, പി.യു. ജോസഫ്, ടി.കെ. തോമസ്, കെ.പി പോൾ, ശ്യാം പത്മനാഭൻ, എ.സി. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.