കൊച്ചി : യാത്ര കടവന്ത്ര - പൊന്നുരുന്നി സുഭാഷ് ചന്ദ്രബോസ് റോഡിലൂടെയാണോ. നടുവൊടിയാതിരുന്നാൽ ഭാഗ്യമാണെന്ന് കരുതിയാൽ മതി. ഇരുചക്രവാഹനയാത്രക്കാരാണെങ്കിൽ കുഴിയിൽ വീണ് കൈയും കാലുമൊടിയും. തലതിരിഞ്ഞ വികസനത്തിന്റെ രക്തസാക്ഷിയാണ് ഈ തല്ലിപ്പൊളി റോഡ്.

പ്രധാനറോഡിലെ തിക്കിലും തിരക്കിലുംപെടാതെ എളുപ്പത്തിൽ വെെറ്റില,, ഇടപ്പള്ളി ഭാഗങ്ങളിലെത്താൻ സഹായിക്കുന്ന മൂന്നര കിലോമീറ്ററോളമുള്ള റോഡിന്റെ ഒരു വശം തകർന്നു തരിപ്പണമായിട്ട് ഒരുവർഷത്തിലേറെയായി. കടവന്ത്രയിൽ നിന്ന് പൊന്നുരുന്നിക്ക് പോകുമ്പോൾ വലതുഭാഗമാണ് പൂർണമായും തകർന്നത്. ടാറിംഗ് ഇളകി കുണ്ടും കുഴിയുമായ റോഡിന്റെ ഒരു വശത്തുകൂടി ഇപ്പോൾ കാൽനട യാത്രപോലും ദുഷ്കരമായി.

റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചു പ്രദേശവാസികൾ കഴിഞ്ഞദിവസം കുഴികളിൽ‌ വാഴനട്ട് പ്രതിഷേധിച്ചിരുന്നു.

# റോഡ് വെട്ടിപ്പൊളിച്ചത് കുടിവെള്ളപദ്ധതിക്കായി

കേന്ദ്ര- സംസ്ഥാന സർക്കാരുകളും കൊച്ചി കോർപ്പറേഷനും തുല്യ പങ്കാളിത്തത്തോടെ നടപ്പാക്കിയ അമൃത് കുടിവെള്ള പദ്ധതിയിൽ പെെപ്പ്ലെെൻ സ്ഥാപിക്കുന്നതിനു വേണ്ടിയാണ് വാട്ടർ അതോറിറ്റി ഒന്നരവർഷം മുമ്പ് റോഡിന്റെ ഒരു വശം കടവന്ത്രമുതൽ പൊന്നുരുന്നി വരെ വെട്ടിക്കീറിയത്. 4 വർഷം മുൻപ് 2.23 കോടി രൂപ മുടക്കി ടാർ ചെയ്ത റോഡ് വെട്ടിപ്പൊളിച്ചാണ് പെെപ്പ്ലെെൻ സ്ഥാപിച്ചത്. പെെപ്പുകൾ സ്ഥാപിച്ച ശേഷം ആവശ്യത്തിന് മണ്ണിടാതെയാണ് കുഴികൾ മൂടിയതെന്ന് നാട്ടുകാർ പറയുന്നു. ഒരു മാസം പിന്നിട്ടപ്പോഴേക്കും അവിടമെല്ലാം വൻ ഗർത്തങ്ങളായി. റീ ടാറിംഗിന് നീക്കമൊന്നും നടത്തിയില്ല.

# കാൽനടയാത്രപ്പോലും ദുസ്സഹം

മഴ കൂടിയെത്തിയതോടെ കുഴികളിൽ ചെളി നിറഞ്ഞു. ചെളിയും കുഴികളും കാരണം ഇതുവഴി കാൽനടയാത്രപോലും അസാദ്ധ്യമായി. നൂറുകണക്കിന് ആളുകളാണ് ഇതുവഴി നിത്യേന കാൽനടയായി യാത്ര ചെയ്യുന്നത്. ഇപ്പോൾ ഓട്ടം വിളിച്ചാലും ഓട്ടോറിക്ഷകളും മറ്റ് ടാക്സി വാഹനങ്ങളും ഇതുവഴി വരില്ല. റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന സ്കൂളുകളിൽ എത്തേണ്ട വിദ്യാർത്ഥികളും അദ്ധ്യാപകരും അമ്പലങ്ങളിലും പള്ളികളിലും മറ്റ് ഓഫീസുകളിലും പോകേണ്ടവർ വിഷമിക്കുകയാണ്.

#കുഴികളിൽ മാലിന്യവും

മഴവെള്ളം റോഡിലേക്ക് ഒഴുകിയെത്തി കുഴികളിൽ കെട്ടിനിൽക്കുന്നതിനാൽ ഇവിടം മാലിന്യക്കൂമ്പാരമായി മാറി. വിവിധയിടങ്ങളിൽ നിന്നുള്ള അറവ് - കക്കൂസ് മാലിന്യങ്ങളും റോഡിലെത്തി. വമ്പൻ കുഴികളിലെല്ലാം മാലിന്യം കെട്ടിക്കിടക്കുകയാണ്. റോഡരികിലെ കച്ചവടക്കാർക്ക് ദുർഗന്ധം കാരണം കട തുറന്നുവെയ്ക്കാൻ പോലും വയ്യാത്ത അവസ്ഥയാണിപ്പോൾ

# കോർപ്പറേഷന് നിസംഗത

ഒരു വർഷത്തിലേറെയായി റോഡിന്റെ ഒരു വശം മുഴുവൻ തകർന്നുതരിപ്പണമായി കിടന്നു തുടങ്ങിയിട്ടെങ്കിലും റോഡ് നന്നാക്കാൻ കോർപ്പറേഷന് സാധിച്ചില്ല. വാട്ടർ അതോറിറ്റിയെ പഴിചാരി സ്വന്തം ഉത്തരവാദിത്വം മറക്കുകയാണ് കോർപ്പറേഷൻ.

# അടിയന്തര നടപടി വേണം

കൊച്ചുകുട്ടികളടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാർ ദിവസേന സഞ്ചരിക്കുന്ന ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നിരവധി പ്രാവശ്യം ബന്ധപ്പെട്ട കോർപ്പറേഷൻ അധികൃതരെ കണ്ട് നിവേദനം നടത്തിയതാണ്. ഇപ്പോൾ കളക്ടറും പ്രശ്നത്തിൽ ഇടപ്പെട്ടിരിക്കുന്നതിനാൽ അടിയന്തരമായി റോഡ് നന്നാക്കുമെന്നാണ് പ്രതീക്ഷ

രാജീവ് ചന്ദ്രശേഖർ ,

വാർഡ് കൗൺസിലർ