പെരുമ്പാവൂർ: സൈബർ അടിമകൾക്ക് ചികിൽസ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി വിമുക്തി കേന്ദ്രങ്ങൾ ഉള്ളതുപോലെ ഇന്റർനെറ്റിന് അടിമകളാകുന്നവർക്കും ചികിത്സ അനിവാര്യമാണ്. ബംഗളൂരുവിൽ ഇത്തരം സ്ഥാപനമുണ്ട്. കുറുപ്പംപടി ഡയറ്റിൽ മേരിപോൾ സ്മാരക ചിൽഡ്രൻസ് ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ലഹരിക്ക് അടിമകളാകുന്നതു പോലെ തന്നെയാണ് കുട്ടികൾ ഇന്റർനെറ്റിലും സോഷ്യൽ മീഡിയായിലും ആകൃഷ്ടരാകുന്നത്. യുക്തിസഹമായ തീരുമാനങ്ങളെടുക്കാൻ പലപ്പോഴും ഇത്തരം നവ മാദ്ധ്യമങ്ങൾ കൊണ്ട് സാധിക്കാറില്ല. വായനയാണെങ്കിൽ ആലോചിക്കാനും തീരുമാനമെടുക്കാനും സമയം കിട്ടും- അദ്ദേഹം പറഞ്ഞു.
ഡോ.ഡി.ബാബുപോളാണ് അമ്മ മേരിപോളിന്റെ സ്മരണയ്‌ക്കായി ഇവിടെ കുട്ടികളുടെ ലൈബ്രറി നിർമ്മിച്ചത്. വായനശാലയുടെ പണി നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. അമ്മയുടെ ഓർമ്മയ്ക്കായി തുടങ്ങിവച്ച സംരംഭം അങ്ങനെ മകന്റെ കൂടി സ്മാരകമായി. . 10 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. നിർമ്മാണച്ചുമതലയേറ്റ 'ഹാബിറ്റാറ്റ്', ഡയറ്റിന്റെ മുറ്റത്തുണ്ടായിരുന്ന ബദാം മരം അതേപടി ലൈബ്രറി കെട്ടിടത്തിനകത്താക്കി. ഒരുലക്ഷം രൂപയുടെ പുസ്തകങ്ങൾ ബാബുപോൾ ലൈബ്രറിയിലെത്തിച്ചിരുന്നു.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, സാജുപോൾ, ജില്ലാപഞ്ചായത്ത് അംഗം ബേസിൽ പോൾ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു, ബാബുപോളിന്റെ സഹോദരൻ റോയ് പോൾ, ഡയറ്റ് പ്രിൻസിപ്പൽ കെ.എം.കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.