electric
മരത്തിൽകയറി ആത്മഹത്യക്ക് ശ്രമിച്ച പ്രസാദ്

അങ്കമാലി : കമ്പനിയിലേക്കു വൈദ്യുതി കണക്‌ഷൻ നൽകുന്നില്ലെന്ന് ആരോപിച്ച് യുവാവ് കറുകുറ്റി​​ കെ.എസ്.ഇ.ബി​ ആഫീസി​ന് മുന്നി​ലെ മാവി​ൽ കയറി​ ആത്മഹത്യാ ഭീഷണി​ മുഴക്കി​. അഞ്ച് മണി​ക്കൂറോളം നീണ്ട അനുനയശ്രമങ്ങൾക്ക് ശേഷം ഇയാളെ താഴെയി​റക്കി​.

ന്യൂ ഇയർ കമ്പനി ഉടമ എം.എം.പ്രസാദാണ് തുണിയുടെ കുരുക്കു കഴുത്തിലിട്ട് താഴേയ്ക്കു ചാടുമെന്നു ഭീഷണി മുഴക്കി പൊലീസിനെയും അഗ്നിരക്ഷാ സേനയെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയത്.

രേഖകൾ സമർപ്പിച്ചാൽ കണക്‌ഷൻ നൽകുമെന്ന് കെ.എസ്.ഇ.ബി​ ഉദ്യോഗസ്ഥർ വെള്ളക്കടലാസിൽ എഴുതി നൽകിയതിനു ശേഷമാണ് പ്രസാദ് താഴെയി​റങ്ങി​യത്.

കറുകുറ്റി കേബിൾ ജംഗ്ഷനു സമീപത്തെ വാടക കെട്ടിടത്തിലേക്ക് കണക്‌ഷൻ ലഭി​ക്കുന്നി​ല്ലെന്നതായി​രുന്നു പരാതി​. തഹസിൽദാരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മതിയായ രേഖകൾ നൽകാതെ കണക്‌ഷൻ നൽകില്ലെന്നു കെ.എസ്.ഇ.ബിയും എല്ലാ

രേഖകളും നൽകിയെന്നു കമ്പനി പ്രതിനിധിയും അറിയിച്ചതോടെ ചർച്ചകൾ
നീണ്ടുപോയി. പഞ്ചായത്ത് സെക്രട്ടറിയും ഇടപെട്ടു. തുടർന്നായി​രുന്നു ഒത്തുതീർപ്പ്.

ഇന്നലെ രാവിലെ 6.45നാണ് മാവിൽ യുവാവ് കയറിയത്. കുടിക്കാൻ വെള്ളവും മൊബൈൽഫോണും മറ്റും പ്ലാസ്റ്റിക് സഞ്ചിയിൽ കരുതിയിരുന്നു. തോക്കും വിഷവും സഞ്ചിയിലുണ്ടെന്ന പ്രചരണം സജീവമായതോടെ മരത്തിനു മുകളിൽ കയറാൻ ആരും
ശ്രമിച്ചില്ല. കെ.എസ്.ഇ.ബി​ ഓഫീസിന്റെ പടിക്കൽ നിരാഹാരസമരം നടത്തിയിട്ടും ഫലമില്ലെന്നു കണ്ടപ്പോഴാണ്
പ്രസാദ് ആത്മഹത്യാഭീഷണിയുമായി​ രംഗത്തെത്തി​യത്.

ഗോവണി ഉപയോഗിച്ച് ഫയർഫോഴ്സുകാർ താഴെയി​റക്കി​യ പ്രസാദി​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി.തെക്കേക്കര, തഹസിൽദാർ ടി.ആർ.അഹമ്മദ് കബീർ, വില്ലേജ് ഓഫിസർ സജി പാപ്പു, അങ്കമാലി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി.അന്നമ്മ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ
എം.എ.ടെൻസൺ, കറുകുറ്റി പഞ്ചായത്ത് സെക്രട്ടറി രാജൻമേനോൻ, അങ്കമാലി എസ്.ഐ
കെ.എ.മുഹമ്മദ് ബഷീർ, അങ്കമാലി ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ ജൂഡ് തദേവൂസ് എന്നിവരും ന്യൂ ഇയർ മാനേജർ ശാരി ടി.ശശിയും ചർച്ചകളി​ൽ പങ്കെടുത്തു.