പറവൂർ : പ്രളയത്തിൽ അകപ്പെട്ട കേരളത്തെ സഹായിക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയിൽ നിർമിച്ച അഞ്ച് വീടുകളുടെ താക്കോൽ സമർപ്പണം നിർവഹിക്കുകയായിരുന്നു മന്ത്രി. സർവവും നഷ്ടപ്പെട്ടവരെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ച് വിജയം കണ്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിനകത്തു നിന്നും പുറത്ത് നിന്നും അനുകൂല പ്രതികരണമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. കൈതാരം ഒന്നാം വാർഡിലെ കല്ലുങ്കൽ രുഗ്മിണി ശിവൻ, ചക്കംകാട് ദിനകരൻ, നികത്തിൽ സൗഗന്ധി, പുക്കാട്ടുപറമ്പിൽ ബേബി പ്രസാദ്, ചൂണ്ടാണിപ്പറമ്പിൽ ഗീത എന്നിവർക്ക് വീടുകളുടെ താക്കോൽ മന്ത്രി നൽകി. വി.ഡി. സതീശൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എസ്. ശർമ എം.എൽ.എ, പറവൂർ നഗരസഭാ ചെയർമാന രമേഷ് ഡി. കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എ. ചന്ദ്രിക, കെ.കെ. ശാന്ത, ബാങ്ക് പ്രസിഡന്റ് സി.എ.രാജീവ്, സെക്രട്ടറി സി.ആർ. രാജീവ് കുമാർ, ടി.ആർ. ബോസ്, കെ.കെ. നാരായണൻ, ടി.വി. നിഥിൻ, എം.എ. രശ്മി, സീതാലക്ഷ്മി അനിൽകുമാർ, ലിസി റാഫേൽ, ഇ.പി. ശശിധരൻ, എം.എസ്. ജയചന്ദ്രൻ, എൻ.ആർ. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.