വൈപ്പിൻ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പുതുവൈപ്പ് ശാഖയോട് ചേർന്ന എ.ടി.എമ്മിൽ കവർച്ചാശ്രമം നടത്തി യുവാവ് പിടിയിലായി. ശനിയാഴ്ച പുലർച്ചെ 2..45 നാണ് സംഭവം.
മുംബായിൽ നിന്നുള്ള സന്ദേശം ലഭിച്ചയുടൻ പൊലീസിന്റെ അടിയന്തിര ഇടപെടലിലാണ് എടവനക്കാട് അണിയൽ സ്വദേശിയായ നികത്തുതറ ആദർശ് (20) അറസ്റ്റിലായത്.
കോടാലി കൊണ്ട് എ.ടി.എം കൗണ്ടർ വെട്ടിപ്പൊളിക്കുകയായിരുന്നു. മുംബായിൽ നിന്ന് സന്ദേശം ലഭിച്ച് പത്തു മിനിറ്റിനകം ഞാറക്കൽ എസ്.ഐ സംഗീത് ജോബും സംഘവും സ്ഥലത്തെത്തിയപ്പോൾ മുക്കാൽ ഭാഗത്തോളം വെട്ടിപ്പൊളിച്ച ശേഷം ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കാൻ ആദർശ് പുറത്തേക്കിറങ്ങുകയായിരുന്നു. ജീപ്പ് കണ്ടയുടൻ ഇയാൾ ഓടി രക്ഷപ്പെട്ടു. പരിസരത്തെ വീട്ടിലെ ടെറസിലെ വെള്ളം ഇല്ലാത്ത വാട്ടർ ടാങ്കിൽ നിന്ന് അപ്പോൾ തന്നെ പിടികൂടുകയും ചെയ്തു. ഒരു ലക്ഷത്തോളം രൂപ എ.ടി.എമ്മിൽ ഉണ്ടാകുമെന്നാണ് ബാങ്ക് അധികൃതരുടെ കണക്ക് കൂട്ടൽ. എ.ടി.എം പൊലീസ് സീൽ ചെയ്തു.
സി.ഐ എം.കെ മുരളി, എസ്.ഐ സംഗീത് ജോബ്, എ.എസ്. ഐ ഷംസുദീൻ, മനോജ്, മിറാഷ്, ശിവദാസ്, പ്രവീൺദാസ്, ബിനു എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
ബൈക്ക് വാങ്ങിച്ച കടം തീർക്കാനായിരുന്നു കവർച്ചാശ്രമെന്ന് പ്രതി മൊഴി നല്കി.ഇയാളെ വൈകിട്ട് കോടതിയിൽ ഹാജരാക്കി.