ആലുവ: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ വിരമിച്ച എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു. അസോസിയേഷൻ എറണാകുളം സിറ്റി ജില്ലാ ട്രഷറർ ഏലൂർ വടക്കുംഭാഗം വേലംപറമ്പിൽ (കള്ളേപ്പാടം) വി.എസ്. അബ്ദുൾ കരീം (63)ആണ് മരിച്ചത്.

ഇന്നലെ ആലുവ തോട്ടയ്ക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാളിൽ നടന്ന അസോസിയേഷൻ സമ്മേളന ശേഷം ഭാരവാഹികളുമൊത്ത് വരവ് - ചെലവ് കണക്കുകൾ പരിശോധിച്ച ശേഷം കസേരയിൽ നിന്നും എഴുന്നേറ്റയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. മൂന്ന് മിനിറ്റിനകം ആലുവ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.വെള്ളിയാഴ്ച്ചയും ഇന്നലെയും അബ്ദുൾ കരീം സമ്മേളനത്തിന്റെ തിരക്കിലായിരുന്നു. നേരത്തെ ഒരു തവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നിന്നാണ് എസ്.ഐയായി വിരമിച്ചത്. ഇന്ന് രാവിലെ 11ന് ഏലൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ മൃതദേഹം കബറടക്കും.

ഭാര്യ: സുരയ്യ. മക്കൾ: ചഞ്ചൽ കരിം (ദുബായ്), ചിഞ്ചിമ കരീം. മരുമക്കൾ: ആർഷ, നൗഫൽ.