വൈപ്പിൻ: മഴയില്ലാത്ത അവസ്ഥ തുടർന്നാൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. ചെറായി 110 കെ വി സബ് സ്റ്റേഷനും മന്നം ചെറായി 110 കെ വി ലൈനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുമന്ത്രി.
ആവശ്യമായ വൈദ്യുതിയുടെ മുപ്പത് ശതമാനം മാത്രമാണ് ഇവിടെ ഉൽപാദനം. കൂടുതൽ വൈദ്യുതി വാങ്ങണമെങ്കിൽ പുതിയ ലൈൻ വലിക്കണം. കൂടംകുളം ലൈൻ പൂർത്തിയായാൽ ആയിരം മെഗാവാട്ട് കൊണ്ട് വരാൻ പറ്റും. അത് ഇപ്പോൾ സ്റ്റേയിലാണെന്നും മന്ത്രി പറഞ്ഞു.
പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, ഏഴിക്കര ഗ്രാമപഞ്ചായത്തുകളിലെ 44000 ഉപഭോക്താക്കൾക്ക് വോൾട്ടേജ് ക്ഷാമം ഇല്ലാതെയും മുടക്കം ഇല്ലാതെയും വൈദ്യുതി വിതരണം ചെയ്യാൻ കഴിയുന്ന പദ്ധതിയാണ് ചെറായി സബ്‌സ്റ്റേഷൻ. സമ്മേളനത്തിൽ എസ്.ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്. ഇ.ബി ചീഫ് എൻജീനിയർ ജെയിംസ് എം, ഡേവിഡ് സ്വാഗതവും ഡപ്യൂട്ടി ചീഫ് എൻജിനീയർ ജോർജ് വി, ജെയിംസ് നന്ദിയും പറഞ്ഞു. ചീഫ് എൻജിനീയർ വി ബ്രിജ്‌ലാൽ, ഹൈബി ഈഡൻ എം.പി , എം.എൽ.എ മാരായ വി.ഡി സതീശൻ, ജോൺ ഫെർണാണ്ടസ്, പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി.കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ജോഷി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ രാധാകൃഷ്ണൻ, രജിത സജീവ്, കെ. യു ജീവൻ മിത്ര , കെ. കെ ശാന്ത , പി.എ ചന്ദ്രിക, ജില്ലാ പഞ്ചായത്ത് അംഗം അയ്യമ്പിള്ളിഭാസ്‌കരൻ , തുളസി സോമൻ, എ.എൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.