bjpyogam
എറണാകുളം പാലാരിവട്ടത്ത് ശ്രീ രാജ രാജേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന ബി.ജെ.പി ജില്ലാ സമ്പൂർണ്ണ യോഗം സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു. രേണു സുരേഷ്, എൻ.കെ.മോഹൻദാസ്, നെടുമ്പാശേരി രവി, ടി.ജി.മോഹൻദാസ്, എം.എൻ.മധു, പി.പി.സജീവ് തുടങ്ങിയവർ സമീപം.

കൊച്ചി: ഇന്ത്യൻ രാഷ്ട്രീയത്തിൽ സി.പി.എം. അപചയത്തിന്റെ അവസാനം എത്തി നിൽക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള. ദുർബലമായി ഒരു ശതമാനത്തിൽ വോട്ടായി സി.പി.എം നോട്ടയ്ക്കും പിന്നിലായി. കമ്മ്യൂണിസ്റ്റ് പാർട്ടി ജനാധിപത്യ കക്ഷിയല്ല, ഏകാധിപത്യ കക്ഷിയാണ്. മെമ്പർഷിപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയ പാർട്ടിയാണ് സി.പി.എം എന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പാലാരിവട്ടത്ത് ശ്രീ രാജ രാജേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന ബി.ജെ.പി.ജില്ലാ സമ്പൂർണ്ണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് മെമ്പർഷിപ്പ് എന്നൊന്നില്ലെന്നും കമ്മ്യൂണിസ്റ്റു പാർട്ടിയുടെയും കോൺഗ്രസിന്റെയും ശൈലിയല്ല ബി.ജെ.പിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ കോൺഗ്രസെന്നോ കമ്മ്യൂണിസ്റ്റ് എന്നോ വ്യത്യാസമില്ലാതെ ആബാലവൃദ്ധജനങ്ങളെയും ഒന്നിച്ചു കണ്ട് അംഗത്വം നൽകുവാൻ ബി.ജെ.പി.തയ്യാറെടുക്കുകയാണ്. ജൂലായ് ആറ് മുതൽ ജനുവരി മുപ്പത്തിയൊന്നു വരെയാണ് അംഗത്വം നൽകുന്നത്. സംസ്ഥാന നേതാക്കളായ കെ.പി.ശ്രീശനും പി.സുധീറിനുമാണ് അംഗത്വം നൽകുന്നതിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.കെ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി.നേതാക്കളായ എം.കെ.ധർമ്മരാജ്,​ നെടുമ്പാശേരി രവി, രേണു സുരേഷ്, എൻ.പി.ശങ്കരൻ കുട്ടി, കെ.വി.സാബു, എം.കെ.സദാശിവൻ, ടി.ജി.മോഹൻദാസ്, എം.എൻ.മധു, പി.പി.സജീവ്, കെ.എസ്.ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.