കൊച്ചി: ജില്ലാ വികസന സമിതി യോഗത്തിൽ പൊതുമരാമത്ത്, ജലസേചന വകുപ്പുകൾക്കെതിരെ ജനപ്രതിനിധികളുടെ വിമർശനം. ഈ വകുപ്പുകൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും എം.എൽ.എമാരടക്കമുള്ളവർ ആവശ്യപ്പെട്ടു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ റോജി എം ജോൺ, എൽദോ എബ്രഹാം, വി.പി.സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, കെ.ജെ മാക്സി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യക്കോസ്, വിവിധ വകുപ്പുദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
എം.എൽ.എമാരുടെ പ്രധാന ആവശ്യങ്ങൾ
പ്രളയ ദുരിതാശ്വാസത്തിനുള്ള അപ്പീലുകൾ ഞായറാഴ്ചയും സ്വീകരിക്കണം
പൊതുമരാമത്ത് വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും നിർമ്മാണ പ്രവർത്തനങ്ങളിൽ കരാറുകാർ മനപ്പൂർവ്വം കാലതാമസം വരുത്തുന്നവരെ കരിമ്പട്ടികയിൽ പെടുത്തണം
പൊതു വിതരണ മേഖലയിൽ സബ്‌സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കണം. റേഷൻ കടകൾക്ക് മുന്നിൽ വച്ച് അരി തൂക്കി നൽകണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കണം.
സ്‌കൂൾ കോളജുകളുടെ പ്രവേശന സമയവുമായി ബന്ധപ്പെട്ട് വിവിധ സർട്ടിഫിക്കറ്റുകളുടെ ആവശ്യത്തിന് വില്ലേജോഫീസുകളിലെത്തുന്നവരെ വലയ്ക്കരുത്
കടയിരുപ്പ്, മണ്ണൂർ ജംഗ്ഷനുകളിൽ അപകട നിയന്ത്രണ സംവിധാനങ്ങൾ വേണം
കരിമുഗൾ കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം.
കുന്നത്തുനാട്ടിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം.
സപ്ലൈകോയുടെ കോലഞ്ചേരി ഔട്ട് ലെറ്റിൽ സബ്‌സിഡി സാധനങ്ങളില്ലെന്ന പരാതി പരിഹരിക്കണം.
കിഫ് ബി യിൽ നിന്നും ഫണ്ടനുവദിച്ച കിഴില്ലം-പാണിയേലി റോഡ് മൂന്ന് വർഷമായിട്ടും നടക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണ്
റോഡപകടങ്ങൾ പരിഹരിക്കുന്നതിനും റോഡുകളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണം
പെരുമ്പാവൂർ താലൂക്കാശുപത്രിയിലെ മാമോഗ്രാം യൂണീറ്റ് ടെക്‌നീഷ്യനില്ലാത്തതിനാൽ പ്രവർത്തന രഹിതമാണ്. ഇത് പരിഹരിക്കണം.