കൊച്ചി: എറണാകുളം ജില്ലയിൽ മഴുവന്നൂരും നെല്ലിക്കുഴിയും ഒഴികെയുള്ള മുഴുവൻ തദ്ദേശസ്ഥാപനങ്ങളുടെയും വാർഷികപദ്ധതികൾക്ക് അന്തിമാംഗീകാരമായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അറിയിച്ചു. മഴുവന്നൂരിലും നെല്ലിക്കുഴിയിലും തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാലാണ് പദ്ധതികൾ സമർപ്പിക്കാൻ കഴിയാതിരുന്നത്. ജില്ലാ പ്ലാനിംഗ് കോൺഫ്രൻസ് ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതികളും സ്പിൽ ഓവറും ഉൾപ്പെടെയുള്ളവ പരിഗണിച്ചു. മഴുവന്നൂർ, നെല്ലിക്കുഴി പഞ്ചായത്തുകളുടെ 2019-20 വാർഷിക പദ്ധതിക്ക് അന്തിമാംഗീകാരം നൽകുന്നതിന് കോ ഓർഡിനേഷൻ കമ്മിറ്റിയോട് അഭ്യർത്ഥിക്കും.
പറവൂർ നഗരസഭയുടെ വികസനത്തിനു വേണ്ടി ജില്ലാ ടൗൺ പ്ലാനിംഗ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ സ്‌പെഷ്യൽ പ്ലാനിന്റെ അംഗീകാര നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മുൻസിപ്പൽ കൗൺസിലിന്റെ ശുപാർശയോടെ മാസ്റ്റർ പ്ലാൻ ആസൂത്രണസമിതിക്ക് സമർപ്പിച്ചു.