# സംഭവം കളമശേരി നഗരസഭയിൽ
കൊച്ചി : അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് കളമശേരി നഗരസഭയിലെ സീനിയർ ക്ലാർക്ക് സി.വി. ഷൈബിക്ക് മുനിസിപ്പൽ സെക്രട്ടറി മെമ്മോ നൽകി. ഇതിന് ഇന്ന് ഇവർ മറുപടി സമർപ്പിക്കണം.
മേയ് 18 മുതൽ ജൂൺ 12 വരെ അവധി അപേക്ഷ നൽകാതെ ഷൈബി വിദേശയാത്ര നടത്തിയെന്നാണ് ആരോപണം.
മേയ് 17 ന് ലീവ് ലെറ്റർ സൂപ്രണ്ടിനെ കാണിച്ച് ഒപ്പ് വാങ്ങിയെങ്കിലും സെക്രട്ടറിയെ കാണിച്ച് നടപടി പൂർത്തിയാക്കിയിരുന്നില്ല. അപേക്ഷ സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നുമില്ല.
26 ദിവസം ഓഫീസ് വിട്ടുനിന്നെങ്കിലും പകരം ചാർജ് ആർക്കും കൈമാറിയില്ല. ആറുവർഷമായി കളമശേരി നഗരസഭയിൽ ജോലിയിലുണ്ട് ഷൈബി.
# യാത്ര അറിഞ്ഞില്ല
തന്റെ അനുമതിയോടെയല്ല സീനിയർ ക്ലാർക്ക് സി.വി ഷൈബി ലീവിൽ പോയത്. സംഭവത്തിൽ മെമ്മോ നൽകിയിട്ടുണ്ട്. പാസ്പോർട്ടിന്റെ കോപ്പി അടക്കം സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. മറുപടി ലഭിച്ചാൽ നഗരകാര്യ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
അനിൽകുമാർ,
മുനിസിപ്പൽ സെക്രട്ടറി
# സെക്രട്ടറി അനുമതി നൽകി
മുനിസിപ്പൽ സെക്രട്ടറിയുടെ അനുമതി വാങ്ങിയാണ് വിദേശയാത്ര നടത്തിയത്. ലീവ് ലെറ്ററുമായി സെക്രട്ടറിയുടെ അടുത്തുപോയിരുന്നു. സൂപ്രണ്ട് മീറ്റിംഗിലായതിനാൽ ലീവ് അപേക്ഷ കൈമാറാനായില്ല.
സി.വി. ഷൈബി