കൊച്ചി : മൂവാറ്റുപുഴ, പിറവം , തൃപ്പൂണിത്തുറ, കൂത്താട്ടുകുളം മേഖലകൾ ലഹരി മാഫിയയുടെ പിടിയിൽ .ആറു മാസം മുമ്പ് കൊച്ചിയിൽ എക്സൈസ് സംഘം പിടികൂടിയത് 10.5 കോടിയുടെ ഹാഷിഷ് ഓയിൽ. തൊട്ടു പിന്നാലെ മറ്റൊരു റെയ്ഡിൽ പിടിച്ചെടുത്തത് ആറ് കോടിയുടെ ഹാഷിഷ് ഓയിൽ. എക്സൈസിന് ഒരു കാര്യം ബോദ്ധ്യപ്പെട്ടു- എല്ലാ പ്രധാന ലഹരി വസ്തു കടത്തുകാരും ഒരേ ചങ്ങലയിലെ കണ്ണികളാണ്.. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് കഞ്ചാവ് സംഘത്തിന്റെ പ്രവർത്തനം.
കടത്തിന് സൗകര്യം കൂടി
മുമ്പ് ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന ഉണ്ടായിരുന്നതിനാൽ റോഡുമാർഗം കഞ്ചാവ് കടത്ത് അത്ര എളുപ്പമായിരുന്നില്ല. പിടികൂടിയാൽ കിട്ടുന്ന ലാഭവും പോകും .കേസിലും കുടുങ്ങും. ജി.എസ്.ടി വന്നതോടെ കകഥമാറി. തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് തേനി, നാഗർകോവിൽ വഴിയാണ് ജില്ലയിൽ ഏജന്റുമാർക്ക് കഞ്ചാവ് എത്തുന്നത്. പുറമെ ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗവും റോഡുമാർഗവും വൻ തോതിൽ സാധനം എത്തുന്നു. ആന്ധ്രയിൽ സീസൺകാലത്ത് 2000 രൂപയ്ക്ക് വരെ കിട്ടുന്ന ഒരു കിലോ കഞ്ചാവ് ഇവിടെ എത്തിച്ച് വില്പന നടത്തുമ്പോൾ ചില്ലറ വില്പനക്കാരന് കിട്ടുന്ന ലാഭം 50,000ത്തോളം രൂപ. ഒരു കിലോയിൽ താഴെയാണ് പിടികൂടുന്നതെങ്കിൽ കിട്ടാവുന്ന പരമാവധി ശിക്ഷ ആറുമാസം തടവും 25,000 രൂപ പിഴയും.
പൊതിക്ക് ഡിമാൻറ് കൂടുന്നു
കഷ്ടിച്ച് രണ്ട് ഗ്രാം കഞ്ചാവ് മാത്രമുള്ള ഒരു പൊതിക്ക് 250 രൂപയാണ് വില.. ആവശ്യക്കാർ 500 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള കഞ്ചാവാണ് ഒരു സമയം വാങ്ങാറുള്ളതെന്ന് എക്സൈസ് അധികൃതർ പറയുന്നു. കഞ്ചാവിന്റെ ലഹരി അറിഞ്ഞു തുടങ്ങിയവർപിന്നീട് ആ വഴിക്ക് തന്നെ നടക്കും
അന്യസംസ്ഥാന തൊഴിലാളിക്യാമ്പ്
പെരുമ്പാവൂർ, മൂവാറ്റുപുഴ , പിറവം , കൂത്താട്ടുകുളം മേഖലകളിൽ തമ്പടിച്ചിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കഞ്ചാവിന്റെയും മറ്റ് ലഹരി വസ്തുക്കളുടേയും കേന്ദ്രങ്ങളായി മാറി. കൊച്ചിവഴിയാണ് കിഴക്കൻ മേഖലയിലേക്ക് ലഹരി ഒഴുകുന്നത്.
ലഹരി കടത്തും വില്പനയും തടയാനാണ് എക്സൈസ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. മദ്യത്തെക്കാൾ കൂടുതൽ അപകടകരമായ ലഹരി വ്യാപനം തടയാൻ കർശന നടപടി സ്വീകരിക്കാനാണ് എക്സൈസ് കമ്മിഷണറുടെനിർദ്ദേശം.
എഫ് മധു, എക്സെെസ് ഒഫീസർ പിറവം -