കൊച്ചി : കേരളവും തമിഴ്‌നാടും ഉൾക്കൊള്ളുന്ന റോട്ടറി ഡിസ്ട്രിക്ട് 3201 ന്റെ ഗവർണറായി ബിസിനസ് സംരംഭകനും സാമൂഹിക പ്രവർത്തകനുമായ ആർ. മാധവ്ചന്ദ്രൻ ചുമതലയേറ്റു. റോട്ടറി ഇന്റർനാഷനൽ ഡയറക്ടർ കമൽ സാംഘ്‌വി സത്യവാചകം ചൊല്ലിക്കൊടുത്തു.
റോട്ടറി ഡിസ്ട്രിക്ട് 3201 നടപ്പാക്കുന്ന 24 കോടിയിലേറെ രൂപയുടെ സാമൂഹികസേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാധവ് ചന്ദ്രനും ഭാര്യ സുജാത മാധവ്ചന്ദ്രനും ചേർന്ന് നിർവഹിച്ചു. അമൃത ആശുപത്രിയുമായി സഹകരിച്ച് 200 കുട്ടികൾക്ക് ആറുകോടി രൂപ ചെലവിട്ട് പീഡിയാട്രിക് ഹാർട്ട് സർജറി, കോയമ്പത്തൂരിലെ രാമകൃഷ്ണ ആശുപത്രിയിലെ പീഡിയാട്രിക് കാൻസർ വാർഡ് ഏറ്റെടുക്കൽ, കൊച്ചിയിൽ രണ്ട് റോട്ടറി ഡയാലിസിസ് കേന്ദ്രങ്ങൾ, റെസ്‌പോൺസിബിൾ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 150 സ്‌കൂളുകൾ ഏറ്റെടുക്കൽ, പൊള്ളലേറ്റ് കോയമ്പത്തൂർ ഗംഗാ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്ക് അഞ്ചുകോടി രൂപയുടെ ചികിത്സ തുടങ്ങിയ പദ്ധതികൾക്കും തുടക്കമായി. അമൃത ആശുപത്രിയിലെ 100 രോഗികൾക്ക് സ്തനാർബുദ ചികിത്സയ്ക്ക് സഹായം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
കേരളത്തിലും ശ്രീലങ്കയിലും മുലപ്പാൽ സംഭരണ കേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും നടന്നു. മുലപ്പാൽ ബാങ്കുകൾ എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജൂബിലി മെമ്മോറിയൽ ആശുപത്രി, കൊളംബോ സർക്കാർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ആരംഭിക്കുമെന്നും ആർ. മാധവ്ചന്ദ്രൻ പറഞ്ഞു. റോട്ടറി കൊച്ചിൻ ഡൗൺടൗൺ പ്രസിഡന്റ് അഖിലേഷ് അഗർവാൾ ചടങ്ങിൽ അദ്ധ്യക്ഷനായി. ആന്റണി തോമസ്, അൾജിയേസ് ഖാലിദ് എന്നിവർ പ്രസംഗിച്ചു