പറവൂർ : നാഷണൽ സൈക്ളോൺ റിസ്ക് മിറ്റിഗേഷൻ പ്രോജക്റ്റിന്റെ ( ദേശീയ ചുഴലിക്കാട്ട് അപകട ലഘൂകരണ പദ്ധതി) ഭാഗമായി വടക്കേക്കര പഞ്ചായത്തിലെ തുരുത്തിപ്പുറത്ത് 5.92 കോടി രൂപയുടെ അഭയകേന്ദ്രം നിർമ്മിക്കുമെന്ന് വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. ദേശീയ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം വഴിയാണ് നിർമ്മാണം നടത്തുന്നത്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കൂടുതൽ ആളുകൾക്ക് അഭയമൊരുക്കാൻ ശാസ്ത്രീയമായാണ് ഇത് നിർമ്മിക്കുന്നത്. മൂന്ന് നിലകളിലായി 9000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ആദ്യ നിലയിൽ അടുക്കളയും, ഡൈനിംഗ് റൂമും രണ്ടാം നിലയിൽ ടോയ് ലറ്റോട് കൂടിയ ഹാളും മൂന്നാം നിലയിൽ ടോയ് ലറ്റോട് കൂടിയ മുറികളും ഉണ്ടായിരിക്കും.