നെടുമ്പാശേരി: നിർധനയായ വൃദ്ധയുടെ വീട് ഭാഗികമായി കത്തി നശിച്ചു. കുന്നുകര പഞ്ചായത്തിലെ ചാലാക്കൽ ചിറ്റെത്ത് പറമ്പിൽ പൊന്നമ്മയുടെ വീടാണ് കത്തി നശിച്ചത്. ഇവർ താമസിച്ചിരുന്ന കുടിൽ പ്രളയത്തിൽ തകർന്നു പോയിരുന്നു. പിന്നീട് വളരെ കഷ്ടപ്പെട്ടാണ് വീണ്ടും തല ചായ്ക്കാൻ ഒരിടം കെട്ടിപ്പൊക്കിയത്.
10 സെന്റ് സ്ഥലത്ത് കെട്ടിയുയർത്തിയ കുടിലിലാണ് ഏക മകനോടൊപ്പം ഇവർ താമസിക്കുന്നത്. ഈ സ്ഥലത്തിന് ഇവരുടെ ചില ബന്ധുക്കൾ അവകാശ വാദം ഉന്നയിച്ചിട്ടുള്ളതിനാൽ പ്രമാണങ്ങളിലെ അപര്യാപ്തത മൂലം പ്രളയ ദുരിതാശ്വാസത്തിൽ ഉൾപ്പെടുത്തി വീട് ലഭിച്ചിരുന്നില്ല. നിരവധി തവണ വിവിധ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. റീ ബിൽഡ് കേരളയിൽ വീണ്ടും അപ്പീൽ നൽകാൻ അവസരം ഉണ്ടെന്നറിഞ്ഞ് ഇന്നലെ അപേക്‌സ്ജ്ഹ സമർപ്പിക്കാൻ പഞ്ചായത്ത് ഓഫീസിൽ പോയിരുന്ന സമയത്താണ് തീ പിടുത്തമുണ്ടായത്. സമീപ വാസികൾ ഓടിയെത്തി തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവാകുകയായിരുന്നു.
തന്നെ ഒഴിവാക്കാൻ ആരോ മനപ്പൂർവം വീടിന് തീ വയ്ക്കുകയായിരുന്നെന്നാണ് പൊന്നമ്മ പറയുന്നത്.ഈ വിവരം ചൂണ്ടിക്കാട്ടി ചെങ്ങമനാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഫ്രാൻസിസ് തറയിൽ, അംഗം ടി.കെ. അജികുമാർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.