കൊച്ചി: നഗരത്തിൽ ഷാഡോ പൊലീസ് നടത്തിയ രഹസ്യ നീക്കത്തിൽ ഉത്തരേന്ത്യയിൽ നിന്നും വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നസംഘത്തിലെ മുഖ്യകണ്ണിതപൻ ബർമൻ (24)പിടിയിൽ. ഒന്നരകിലോയിലധികം കഞ്ചാവും പിടിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി പരിസരങ്ങളിൽ നടന്ന തിരച്ചിലിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ, ഹാഷിഷ് തുടങ്ങിയവയും കഞ്ചാവുമായി മാവേലിക്കര സ്വദേശി രാഹുൽ (21), 800 ഗ്രാം കഞ്ചാവുമായി ചങ്ങനാശ്ശേരി സ്വദേശി നസീം(20). എന്നിവരെയും ഷാഡോ പൊലീസും സെൻട്രൽ പൊലീസുംചേർന്ന് പിടികൂടി. നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് രഹസ്യമായി റേവ് പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഐ.ജി. വിജയ് സാഖറെയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അസിസ്റ്റന്റ് കമ്മീഷണർ കെ.പി.ഫിലിപ്പ്, ഡെപ്യൂട്ടി കമ്മീഷണർ ജി.പൂങ്കുഴലി, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ കെ.എ.തോമസ്, സെൻട്രൽ സി.ഐ.വിജയശങ്കർ, ഇൻഫോപാർക്ക് സി.ഐ.പി.കെ.രാധാമണി, ഷാഡോ എസ്.ഐ. ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലഹരിമരുന്ന് വേട്ട. ലഹരിമാഫിയയ്ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ അറിയിച്ചു.