കുമളി: തോടാണോ നീന്തൽകുളമാണോ, ഏതായാലും റോഡല്ല. ഈ ചിത്രം കാണുന്നവർക്ക് അങ്ങനെ തോന്നിയാൽ അതിശയമില്ല. കുമളി വലിയകണ്ടം സ്വദേശികൾക്ക് പക്ഷേ, ഇത് റോഡാണ്. വലിയകണ്ടത്ത് നിന്ന് ചെളിമട കവലയ്ക്ക് പോകാവുന്ന എളുപ്പവഴി. ഇപ്പോൾ ഇതുവഴി പോകുന്നവർ കവലയിലെത്തും മുമ്പെ ദേഹമാകെ ചെളിയാകും. കാലവർഷം തുടങ്ങിയപ്പോൾ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ ശക്തമായ മഴ പെയ്താൽ പിന്നെ പറയേണ്ട കാര്യമില്ല. നീന്തി പോകേണ്ടി വരും. കോൺക്രീറ്റ് റോഡായ വലിയകണ്ടത്തുള്ള ഈ വെള്ളക്കെട്ട് ഒഴുകി തേക്കടിയിലേക്കാണ് എത്തിയിരുന്നത്. തേക്കടി തടാകത്തിലേക്ക് ഒഴുകാനുണ്ടായിരുന്ന ഒട്ടുമിക്ക തോടുകളും പലരും മണ്ണിട്ട് മൂടിയതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. കോൺക്രീറ്റ് റോഡിലൂടെ വെള്ളം ഒഴുകിപോകുന്നത് സ്വകാര്യ വ്യക്തി പുരയിടത്തിലേക്ക് കയറാതെ തടഞ്ഞതോടെ ചെറിയ മഴയത്ത് പോലും റോഡിൽ വെള്ളകെട്ട് പതിവായി. റോഡിന്റെ നിർമ്മാണത്തിലെ അപാകതയും ഒരു കാരണമാണ്. വെള്ളക്കെട്ടിന് ശ്വാശത പരിഹാരമുണ്ടാക്കിയില്ലെങ്കിൽ പഞ്ചായത്ത് പടിക്കൽ കുത്തിയിരുപ്പ് സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.