തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ ചുവടുവയ്പ്പായ വെങ്ങല്ലൂർ ഗുരു ഐ.ടി.ഐയുടെ പുതിയ ബഹുനില മന്ദിരം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആയിരങ്ങളെ സാക്ഷി നിർത്തി നാടിന് സമർപ്പിച്ചു. ഇന്നലെ രാവിലെ 11ന് ഗുരു ഐ.ടി.ഐ നഗറിൽ എത്തിച്ചേർന്ന യോഗം ജനറൽ സെക്രട്ടറിയെ താലപ്പൊലിയുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ ആവേശപൂർവമാണ് പ്രവർത്തകർ സ്വീകരിച്ചത്. വെള്ളാപ്പള്ളി നടേശൻ ചെറായിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 501 കുട്ടികൾ പങ്കെടുക്കുന്ന ദൈവദശകം ആലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മന്ദിര സമർപ്പണം നിർവ്വഹിച്ചു. തൊടുപുഴ യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി ഭദ്രദീപ പ്രകാശനം നിർവഹിച്ചു. യോഗം അസി. സെക്രട്ടറി ഷാജി കല്ലാറയിൽ മുഖ്യപ്രഭാഷണം നടത്തി. ശിവഗിരി മഠത്തിലെ മഹാദേവാനന്ദസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ജയേഷ്. വി, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, വൈദിക സമിതി യൂണിയൻ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ ശാന്തി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, സെക്രട്ടറി മൃദുല വിശ്വംഭരൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സന്തോഷ്. പി.ജെ, സെക്രട്ടറി ശരത് ചന്ദ്രൻ, ശ്രീനാരായണ എംപ്ളോയിസ് ഫോറം പ്രസിഡന്റ് സന്തോഷ് കെ.പി, സെക്രട്ടറി അജിമോൻ സി.കെ, കുമാരിസംഘം പ്രസിഡന്റ് അശ്വതി സോമൻ, സെക്രട്ടറി അപർണ ബിജു, സൈബർ സേന സെക്രട്ടറി രതീഷ് ഇ.കെ എന്നിവർ സംസാരിച്ചു. തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ. സോമൻ സ്വാഗതവും ഗുരു ഐ.ടി.ഐ പ്രിൻസിപ്പൽ സ്‌നേഹാമോൾ.പി നന്ദിയും പറഞ്ഞു. ചടങ്ങിൽ സൈബർ സേനയുടെ യുട്യൂബ് ചാനലിന്റെ ഉദ്ഘാടനവും ജനറൽ സെക്രട്ടറി നിർവഹിച്ചു. തുടർന്ന് യൂണിയന് കീഴിലുള്ള 46 ശാഖകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. ഗുരുപുഷ്പം അവധിക്കാല ക്യാമ്പിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച ശാഖകൾക്കും മികച്ച പ്രകടനം നടത്തിയ കുട്ടികൾക്കും ചടങ്ങിൽ ഉപഹാരം നൽകി.
'ഒന്നായി നിന്ന് നന്നാകാം"
തൊടുപുഴ: സാമൂഹ്യനീതി നേടാൻ നമ്മൾ ഒന്നായി നിന്ന് നന്നാകണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.തൊടുപുഴ യൂണിയന്റെ കീഴിലുള്ള വെങ്ങല്ലൂർ ഗുരു ഐ.ടി.ഐയുടെ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആത്മീയ അടിത്തറയിൽ നിന്ന് വേണം ഭൗതികമായി വളരാൻ. പുതിയതായി നിർമ്മിച്ച ഐ.ടി.ഐ വളരെ ഭംഗിയായി. ഇത്രയും വലിയൊരു സദസ് തൊടുപുഴയിൽ കാണുന്നത് ആദ്യമായാണ്. ഇവിടത്തെ അഡ്വൈസറി കമ്മിറ്റിയുടെ ആത്മാർത്ഥമായ അർപ്പണ മനോഭാവത്തിന്റെ ഫലമാണിത്. വിദ്യാഭ്യാസപരമായി പിന്നിൽ നിൽക്കുന്ന ജില്ലയാണ് ഇടുക്കി. വിദ്യകൊണ്ട് പ്രബുദ്ധരാകാനാണ് ഗുരു പറഞ്ഞത്. പ്രബുദ്ധത വേണമെങ്കിൽ വിദ്യാഭ്യാസം വേണം. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങണമെന്നത് ഗുരുവിന്റെ ആശയമായിരുന്നു. അതിന്റെ സാക്ഷാത്കാരമാണിത്. ആർ. ശങ്കറാണ് ഈഴവ സമുദായത്തിന് ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയത്. എല്ലാ സമുദായങ്ങൾക്കും തുല്യപ്രാധാന്യം നൽകിയ അദ്ദേഹം 12 എയ്ഡഡ് കോളേജുകളാണ് ഈഴവർക്ക് നൽകിയത്. ജില്ലയിൽ ഇതുവരെ ഒരു എയ്ഡഡ് കോളേജ് പോലും ആരും നൽകിയിട്ടില്ല. നമ്മുടെ മുൻകാല നേതാക്കൾ വളർത്തിക്കൊണ്ടുവന്ന നവോത്ഥാന മൂല്യങ്ങൾ തകർക്കപ്പെട്ടു. ഈ രാജ്യത്ത് നവോത്ഥാനം നടപ്പിലാക്കുന്നതിന് ശ്രീനാരായണഗുരു, മന്നത്ത് പദ്മനാഭൻ, ചട്ടമ്പി സ്വാമി എന്നിവർ മതേതരത്വത്തോടെ പ്രവർത്തിച്ചു. ഇന്ന് ജനാധിപത്യം മരിച്ചു, മതാധിപത്യം തലപൊക്കി. അമ്പലങ്ങളിൽ നാല് ശതമാനം പിന്നാക്കക്കാർ മാത്രമാണ് ജോലി ചെയ്യുന്നത്. ദേവസ്വം ബോർഡുകളിലെല്ലാം സവർണാധിപത്യമാണ്. ശക്തിയുള്ളവനേ എല്ലാം ഉള്ളൂ. ശക്തി വേണമെങ്കിൽ സംഘടിക്കണം. അതിന് ആരുടെയും അവകാശം പിടിച്ചെടുക്കണമെന്നില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ബിഷപ്പിന്റെ പിന്തുണ ലഭിച്ചയാളാണ് വിജയിച്ചത്. ഇത്തവണ ഡീനിന് പിന്തുണ പ്രഖ്യാപിച്ചതുകൊണ്ട് അദ്ദേഹം ജയിച്ചു. മതാധിപത്യമാണോ ജനാധിപത്യമാണോ വാഴുന്നതെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.