ഇടുക്കി : ആരോഗ്യരംഗത്ത് വിട്ടുവീഴ്ചയില്ലാത്ത സമീപനവും കൂട്ടായ പ്രവർത്തനവുമാണ് കട്ടപ്പന നഗരസഭയ്ക്ക് ആർദ്ര കേരളം പുരസ്‌കാരം നേടിയെടുക്കാൻ ഇടയാക്കിയതെന്ന് നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി. നവകേരള കർമ്മപദ്ധതിയുടെ ഭാഗമായുള്ള ആർദ്രംമിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് സംസ്ഥാന സർക്കാർ ആർദ്ര കേരളം പുരസ്‌ക്കാരം നല്കുന്നത്. ഇത് രണ്ടാം തവണയാണ് കട്ടപ്പന നഗരസഭയ്ക്ക് ഈ അവാർഡ് ലഭിക്കുന്നത്..10 ലക്ഷം രൂപയാണ് അവാർഡ് തുക. സാംക്രമിക രോഗനിയന്ത്രണത്തിലും കൊതുകുനിവാരണ പ്രവർത്തനങ്ങളിലുമുള്ള മികവ്, മാലിന്യ സംസ്‌കരണം, ശുചിത്വ പ്രവർത്തനങ്ങൾ, കട്ടപ്പന താലൂക്ക് ആശുപത്രി വഴി നടത്തിയ പ്രവർത്തനങ്ങൾ, ആയ്യുർവേദ, ഹോമിയോ ആശുപത്രികളുടെ പ്രവർത്തനങ്ങൾ, പൊതുജനാരോഗ്യമേഖലയിൽ നടത്തിയ ഇടപെടലുകൾ തുടങ്ങിയവയാണ് കട്ടപ്പനയ്ക്ക് അവാർഡ് ലഭിക്കാൻ ഇടയാക്കിയത്. ആരോഗ്യസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാവിധ ഫണ്ടുകളും നഗരസഭ സമയാസമയങ്ങളിൽ ലഭ്യമാക്കി വരുന്നതായി നഗരസഭാ ചെയർമാൻ പറഞ്ഞു. താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം കിടപ്പു രോഗികൾക്ക് വലിയ ആശ്വാസം തന്നെയാണ്. 174 കിടപ്പു രോഗികളെ ഇപ്പോൾ പരിചരിച്ചുവരുന്നു.കിടപ്പു രോഗികൾക്ക് ആശ്വാസമേകുന്ന 'സാന്ത്വനമേകാൻ അയൽകണ്ണികൾ ' എന്ന പദ്ധതിയും നഗരസഭയുടെ പ്രത്യേകതയാണ്. 34 ആശാ പ്രവർത്തകരും ആരോഗ്യപരിപാലനത്തിനായി നഗരസഭയിലുണ്ട്. മാതൃ ശിശു സംരക്ഷണം, ഗർഭിണി പരിചരണം എന്നിവ ലക്ഷ്യമിട്ടുള്ള മാതൃവന്ദനം പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ആയ്യുർവേദ ആശുപത്രി വഴി നടപ്പാക്കിയ മാതൃവന്ദനം പദ്ധതി, അവാർഡിന് മുന്നോടിയായി ഫീൽഡ് വിലയിരുത്തലിന് എത്തിയ മെഡിക്കൽ സംഘത്തിന്റെ പ്രത്യേക പരാമർശത്തിന് ഇടയാക്കി. നഗരസഭയിലെ 68 അംഗങ്ങളടങ്ങുന്ന ഹരിതകർമ്മസേനയുടെ പ്രവർത്തനം ശുചിത്വ പരിപാലനത്തിൽ വലിയ പങ്കുവഹിക്കുണ്ട്.
. ജൂൺ 6ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുമെന്ന് ചെയർമാൻ ജോയി വെട്ടിക്കുഴി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ എന്നിവർ പറഞ്ഞു.